കൊല്‍ക്കത്ത: മുഹറം ദിനത്തില്‍ ബംഗാളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് മുഖം മറച്ചെത്തിയ ആര്‍എസ്‌എസുകാരാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുഹറം ദിനത്തില്‍ കലാപം ഉണ്ടാക്കുവാനുള്ള ബിജെപിയുടെ ശ്രമമായിരുന്നു അതെന്നും മമത ആരോപിച്ചു. ഇറ്റലിയില്‍ നിന്നിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ആര്‍എസ്‌എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് മമത ആരോപിച്ചത്.
നോര്‍ത്ത് ദിനാജ്പൂരിലെ ഇസ്ലാംപൂര്‍ ദര്‍വ്വിത് സ്കൂളില്‍ സെപ്റ്റംബര്‍ 20 നാണ് വെടിവെയ്പ്പുണ്ടായത്. സ്കൂളില്‍ പുതുതായി ഉര്‍ദു അധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയായിരുന്നു അക്രമം. വെടിവെയ്പ്പില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സംഭവം ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമാണ്. ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും ഗുണ്ടകളാണ് അക്രമം നടത്തിയത്. മുഖംമൂടി ധരിച്ച് വെടിയുതിര്‍ത്ത ആളുകളെ കണ്ടെത്തണമെന്ന് പോലീസിനോട് നിര്‍ദ്ദേശിച്ചതായും വാര്‍ത്താ കുറിപ്പില്‍ മംമ്ത വ്യക്തമാക്കി.
സ്കൂളില്‍ ഉര്‍ദു ടീച്ചര്‍ വരുന്നത് തടയാന്‍ അവര്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച മമത സംസ്കൃതം ടീച്ചര്‍മാര്‍ക്കെതിരെ അവര്‍ പ്രതിഷേധിച്ചില്ലല്ലോ എന്നും ടീച്ചര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് വിദ്യാര്‍ഥികളെങ്ങനെ അറിഞ്ഞുവെന്നും ചോദിച്ചു.മതത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്‌എസിന്റെ വര്‍ഗ്ഗീയ കെണിയില്‍ വീഴരുതെന്നും മമത വ്യക്തമാക്കി.
എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഉത്തര്‍പ്രദേശിലെ ആര്‍ണ്‍എസ്‌എസ് നേതൃത്വം രംഗത്തു വന്നു. ആരോപണങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ തെളിവ് നല്കണമെന്നും അല്ലാത്തപക്ഷം നിരുപാധികം മാപ്പു പറയണമെന്നുമാണ് നേതൃത്വത്തിന്റെ ആവശ്യം.
