ബ്രൂവറി അനുമതി റദ്ദാക്കിയതിന്റെ ജാള്യത മറയ്ക്കാനാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയത്; സുധീരന്‍

തിരുവനന്തപുരം: പ്രാഥമിക പരിശോധന പോലും നടത്താതെ ബ്രുവറി-ഡിസ്റ്റിലറികള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനാണ് നികുതി വകുപ്പ് സെക്രട്ടറി അധ്യക്ഷയായി ഒരു പുതിയ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. ഇനിയും മദ്യശാലകള്‍ തുറന്ന് ജനങ്ങളെ വെല്ലുവിളിയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രാഥമിക പരിശോധന പോലും നടത്താതെ ബ്രുവറി-ഡിസ്റ്റിലറികള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കേണ്ടി വന്നതിന്‍്റെ ജാള്യത മറയ്ക്കാനാണ് നികുതി വകുപ്പ് സെക്രട്ടറി അധ്യക്ഷയായി ഒരു പുതിയ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.

മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതായി പറഞ്ഞുകൊണ്ട് ഇനിയും മദ്യനിര്‍മാണ ശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മദ്യത്തിന്‍റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുകയെന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനവുമാണിത്.

ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പിന് കടലാസിന്‍്റെ വിലപോലും കല്‍പ്പിക്കാതെ അതിനെല്ലാം കടകവിരുദ്ധമായി മദ്യശാലകള്‍ വ്യാപിപ്പിക്കുകയും ഇപ്പോള്‍ മദ്യനിര്‍മാണ ശാലകള്‍ തുടങ്ങുന്നതിന് ആവേശം കാണിക്കുകയും ചെയ്യുന്ന ഇടതു മുന്നണിയും സര്‍ക്കാരും ജനവഞ്ചകരായി മാറിയിരിക്കുകയാണ്.

ബ്രുവറി-ഡിസ്റ്റിലറി അനുമതിയിലെ പാകപ്പിഴകള്‍ തിരുത്തിയെന്ന പേരില്‍ പുതിയവയ്ക്ക് അനുമതി നല്‍കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞേ മതിയാകൂ.

മദ്യവ്യാപനവും മദ്യലഭ്യതയും വര്‍ധിപ്പിച്ച്‌ തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളെ ഇടതു മുന്നണിയും സര്‍ക്കാരും ഇനിയും പരിഹസിക്കരുത്.

പ്രളയക്കെടുതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സര്‍ക്കാര്‍ അക്കാര്യങ്ങളൊക്കെ അവഗണിച്ചുകൊണ്ട് കേരളത്തില്‍ ഒരു ‘മദ്യപ്രളയ’മുണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത് വളരെ വിചിത്രമായിരിക്കുന്നു. ജനതാല്‍പര്യങ്ങളേക്കാള്‍ മദ്യലോബിയുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്തിയ മുന്‍ഗണന കൊടുക്കുന്നതെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *