പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം: പൊതുഭരണ, തുറമുഖ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകളുടെ ചുമതലയില്‍ നിന്നു മാറ്റി പാര്‍ലമെന്ററി കാര്യവകുപ്പിലേക്ക് ഒതുക്കപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ട് സിന്‍ഹ തന്റെ അസംതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, സിന്‍ഹയുടെ സേവനത്തെ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചെങ്കിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ താക്കീത് ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രിയുടെ കീഴിലുള്ള ഈ വകുപ്പുകളില്‍ സിന്‍ഹ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്ന് മുഖ്യമന്ത്രിയടക്കം വിലയിരുത്തുമ്ബോഴും മാറ്റത്തിനുപിന്നില്‍ ഒഴിവാക്കാനാവാത്ത വിധം ഗൗരവമുള്ള പരാതികളുണ്ടെന്നാണ് സൂചന. പഞ്ചിംഗ് കാര്യക്ഷമമാക്കാന്‍ നടത്തിയ ഇടപെടല്‍, ഡയറക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച്‌ സ്ഥലംമാറ്റത്തിന് അച്ചടക്കമുള്ള സംവിധാനമൊരുക്കല്‍, കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ പക്ഷപാതരഹിതവും കൃത്യവുമായി ഉറപ്പാക്കല്‍ എന്നീ കാര്യങ്ങളില്‍ ബിശ്വനാഥ് സിന്‍ഹയുടേത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തല്‍.

മേളകള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയതുള്‍പ്പെടെ സിന്‍ഹയെടുത്ത പല തീരുമാനങ്ങളും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ അണുവിട വ്യതിചലിക്കാതെ നിര്‍വഹിച്ചുപോന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവനാണ് പൊതുഭരണവകുപ്പിന്റെകൂടി അധികച്ചുമതല. വ്യവസായത്തോടൊപ്പം ഇതുകൂടി കാര്യക്ഷമമായി കൊണ്ടുപോകാന്‍ കഴിയുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. കായിക, യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ആയിരിക്കും തുറമുഖം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം വകുപ്പുകളുടെയും ചുമതല വഹിക്കുക.

അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യന്റെ അധിക ജോലിഭാരം പരിഗണിച്ച്‌ ഭവന നിര്‍മ്മാണ വകുപ്പിന്റെ ചുമതല അദ്ദേഹത്തില്‍ നിന്നൊഴിവാക്കി. റവന്യൂ, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയില്‍ തുടരും. ആസൂത്രണ, സാമ്ബത്തിക കാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയ്ക്കാണ് ഭവനനിര്‍മ്മാണ വകുപ്പിന്റെയും ചുമതല.

Leave a Reply

Your email address will not be published. Required fields are marked *