മാദ്ധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സമ്മതിച്ചു

ഇസ്താംബുള്‍: തുര്‍ക്കിയിലെ സൗദി അറേബ്യ കോണ്‍സുലേറ്റില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ സൗദി മാദ്ധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സര്‍ക്കാര്‍ സമ്മതിച്ചു. യു.എസ് മാദ്ധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സൗദി റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ ഖഷോഗിയെ ഈ മാസം രണ്ടാം തീയതി മുതലാണ് കാണാതായത്. ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ പിന്നീട് കാണാതാകുകയായിരുന്നു. ഖഷോഗിയെ കാണാതായതില്‍ പങ്കില്ലെന്നായിരുന്നു സൗദി സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്.

വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനുമുള്ള അനുമതി ലഭിക്കാനുള്ള ഔദ്യോഗികനടപടികളുടെ ഭാഗമായാണ് ഖഷോഗി കോണ്‍സുലേറ്റിലെത്തിയത്. കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്നതിനുമുമ്ബ് ഖഷോഗിയുടെ ഫോണ്‍ അധികൃതര്‍ വാങ്ങിയിരുന്നു. പ്രതിശ്രുതവധുവും തുര്‍ക്കി വനിതയുമായ ഹാറ്റിസുമൊത്താണ് ഖഷോഗി സൗദി കോണ്‍സുലേറ്റിലെത്തിയത്. എന്നാല്‍, കോണ്‍സുലേറ്റ് കെട്ടിടത്തിനുള്ളിലേക്ക് ഹാറ്റിസിനെ കടത്തിവിട്ടില്ല. കോണ്‍സുലേറ്റ് അടയ്ക്കുന്നതുവരെ താന്‍ കെട്ടിടത്തിന് പുറത്തുകാത്തുനിന്നെങ്കിലും ഖഷോഗി മടങ്ങിയെത്തിയില്ലെന്നാണ് ഹാറ്റിസ് പറഞ്ഞത്.

കോണ്‍സുലേറ്റിലുണ്ടായിരുന്നവരുമായി വഴക്കുണ്ടാകുകയും അത് ഖഷോഗിയുടെ മരണത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ പറഞ്ഞു. ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് 18 സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല,​ സൗദി ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി അഹമ്മദ് അല്‍ അസ്സീരിയെയും സല്‍മാന്‍ രാജകുമാരന്റെ വലംകൈയ് സൗദ് അല്‍ ഖൊത്താനി എന്നിവരെ അന്വേഷണവിധേയമായി പുറത്താക്കിയിട്ടുമുണ്ട്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സല്‍മാന്‍ രാജകുമാരന്‍ അദ്ധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കുമെന്നും സൗദി വ്യക്തമാക്കി.

സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകരിലൊരാളായിരുന്നു ജമാല്‍ ഖഷോഗി. അമേരിക്കയിലെ ഇന്ത്യാന സര്‍വകലാശാലയില്‍ മാദ്ധ്യമ പഠനം പൂര്‍ത്തിയാക്കിയ ഖഷോഗി 1958 ലാണ് മാദ്ധ്യമപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ചത്. ഇംഗ്ലീഷ് ഭാഷയില്‍ പുറത്തിറങ്ങിയ സൗദി ഗസറ്റില്‍ റിപ്പോര്‍ട്ടറായി. പിന്നീട് സൗദി പത്രമായ അറബ് ന്യൂസില്‍ ഡെപ്യൂട്ടി എഡിറ്ററായി നാലു വര്‍ഷക്കാലം ജോലി നോക്കി. ഇതിന് ശേഷം അല്‍ വതന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററാ. രണ്ട് മാസത്തിന് ശേഷം 2003ല്‍ അദ്ദേഹത്തെ കാരണം വ്യക്തമാക്കാതെ അധികൃതര്‍ പിരിച്ചുവിട്ടു. പിന്നീട് തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍ ലണ്ടനിലും വാഷിംഗ്ണിലും അംബാസഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവായി 2006 വരെ പ്രവര്‍ത്തിച്ചു. 2007ല്‍ അല്‍ വതന്‍ പത്രത്തില്‍ എഡിറ്ററായി വീണ്ടും ജോലി തുടങ്ങിയെങ്കിലും 2010ല്‍ അദ്ദേഹത്തെ പുറത്താക്കി. സൗദി ഭരണകൂടത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

പിന്നീട് സൗദി വ്യവസായികളുടെ പിന്തുണയോടെ ഖഷോഗി 2015ല്‍ അല്‍ അറബ് എന്ന ഉപഗ്രഹ ചാനല്‍ ആരംഭിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം അടച്ചുപൂട്ടി. സൗദി രാജാവിന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. 987ലും 1995ലും ഉസാമ ബിന്‍ ലാദനുമായി ഖഷോഗി നേരിട്ട് അഭിമുഖം നടത്തിയിട്ടുണ്ട്. പിന്നീട് സല്‍മാന്‍ രാജാവ് കിരീടാവകാശിയായിരുന്നപ്പോള്‍ സൗദിയില്‍ നിന്നും യു.എസിലേക്ക് താമസം മാറ്റിയ ഖഷോഗി, വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഗ്ലോബല്‍ ഒപ്പീനീയന്‍സ് കോളത്തിലൂടെ സൗദി ഭരണകൂടത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *