സന്നിധാനത്ത് ഹെലിപ്പാഡ് തയ്യാറാകുന്നു, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍

ശബരിമല: സന്നിധാനത്ത് ഹെലിപ്പാഡിന് കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ നിര്‍മിക്കുന്ന 40 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. സന്നിധാനത്ത് പാണ്ടിത്താവളത്തിന് സമീപം കിഫ്ബിയുടെ ഫണ്ടില്‍പ്പെടുത്തി ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 2.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ ജലസംഭരണി നിര്‍മിക്കുന്നത്.

സന്നിധാനത്ത് നിലവില്‍ ഒരു കോടി 65 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിനുളള ടാങ്കുകളാണുള്ളത്. 40 ലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതിയ ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രണ്ട് കോടി അഞ്ച് ലക്ഷം ലിറ്റര്‍ ജലം സന്നിധാനത്ത് സംഭരിക്കാന്‍ കഴിയും. പുതുതായി നിര്‍മിക്കുന്ന വാട്ടര്‍ ടാങ്കിന്റെ മുകള്‍വശം ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യുവാന്‍ പര്യാപ്തമായ രീതിയിലാണ് രൂപകല്‍പ്പന. വാട്ടര്‍ ടാങ്കിന്റെ നാല് വശവുമുള്ള ഭിത്തികള്‍ ഇതിനായി കൂടുതല്‍ ബലപ്പെടുത്തിയാണ് നിര്‍മാണം. അകത്ത് 72 അറകളായി തിരിച്ചിട്ടുള്ള ജലസംഭരണിയുടെ അകത്തെ ഭിത്തികളും ഹെലികോപ്ടറുകള്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് സമ്മര്‍ദം താങ്ങുവാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്.

20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്റെ ആദ്യഭാഗത്തിന്റെ നിര്‍മാണം നവംബര്‍ 15ന് മുമ്ബ് പൂര്‍ത്തിയാകും. ശേഷിക്കുന്ന ഭാഗം ഈ തീര്‍ത്ഥാടന കാലത്തുതന്നെ പൂര്‍ത്തീകരിക്കും. സന്നിധാനത്ത് നിന്ന് എട്ട് കി.മീ ദൂരെയുള്ള കുന്നാര്‍ ഡാമില്‍ നിന്ന് പമ്ബിംഗ് ഇല്ലാതെ ഗ്രാവിറ്റിയുടെ സഹായത്താലാണ് ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനത്തേക്ക് ആവശ്യമുള്ള വെള്ളം പൂര്‍ണമായും കുന്നാര്‍ ഡാമില്‍ നിന്ന് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജലസംഭരണി നിര്‍മിക്കുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കുന്നാര്‍ ഡാമിലെ ജലനിരപ്പ് കുറയുമ്ബോള്‍ വാട്ടര്‍ അതോറിറ്റി പമ്ബയില്‍ നിന്ന് ജലം പമ്ബ് ചെയ്ത് ശരംകുത്തിയിലുള്ള ടാങ്കിലെത്തിച്ച്‌ അവിടെ നിന്നുമാണ് സന്നിധാനത്തേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ സന്നിധാനത്ത് ഹെലികോപ്ടറുകള്‍ ഇറക്കേണ്ടി വന്നാല്‍ അതിനുള്ള സംവിധാനവും വാട്ടര്‍ ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *