യുവതികള്‍ പ്രവേശിച്ചാല്‍ സ്വയം മുറിവേല്‍പ്പിച്ച്‌ രക്തം വീഴ്ത്താനായിരുന്നു പദ്ധതി, വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ സന്നിധാനത്തുണ്ടായിരുന്നെന്ന് അയ്യപ്പധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍. കൈയില്‍ മുറിവേല്‍പ്പിച്ച്‌ രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതായിരുന്നു ഞങ്ങളുടെ പ്ലാന്‍ ബി. സര്‍ക്കാരിന് മാത്രമല്ല, ഞങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയും. കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശബരിമല സന്നിധിയില്‍ രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരവുമില്ല. ഈ സാദ്ധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്’- രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും ഈ സംഘം സന്നിധാനത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി അനുകൂല വിധി നല്‍കിയില്ലെങ്കിലും ആചാര സംരക്ഷണത്തിനായി മുന്നോട്ടു പോകുന്നതിനാണു ഭക്തരുടെ തീരുമാനം. യുവതീ പ്രവേശത്തെ ഭരണഘടന അനുവദിക്കുന്ന മാര്‍ഗങ്ങളുപയോഗിച്ച്‌ ഏതു വിധേനയും തടയുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *