ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ തമ്മിലടി രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകള്‍ക്കു മുമ്ബിലും കോണ്‍ഗ്രസ് ഇന്നു പ്രതിഷേധ ധര്‍ണ നടത്തും. ഡല്‍ഹി സിബിഐ ആസ്ഥാനത്തെ ധര്‍ണയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കും. അതേസമയം, തന്നെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയതിനെതിരെ അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും.
റഫാല്‍ ഇടപാടിലെ അന്വേഷണം തടയാനാണു സിബിഐ ഡയറക്ടറെ അര്‍ധരാത്രി ചുമതലകളില്‍നിന്നു നീക്കിയതെന്നാണു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. അന്വേഷണം നടന്നിരുന്നെങ്കില്‍ പ്രധാനമന്ത്രിയുടെ അഴിമതി പിടിക്കപ്പെടുമെന്ന പേടിയാണു തീരുമാനത്തിനു പിന്നിലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അഴിമതിവിരുദ്ധത പറയുന്ന ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സിബിഐ തമ്മിലടി തുറുപ്പുചീട്ടാക്കി അതേ നാണയത്തില്‍ കുടുക്കുകയാണു രാഹുലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകളിലും രാവിലെ പത്തരയ്ക്കാണു കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ.
എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു തന്നെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയതെന്നു കാണിച്ച് അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവര്‍ അടങ്ങിയ പാനലിനു മാത്രമേ സിബിഐ ഡയറക്ടറെ നിയമിക്കാനും നീക്കാനും അധികാരമുളളു.
സുപ്രധാനക്കേസുകളുടെ അന്വേഷണം കയ്യാളുന്നതിനിടെയാണു തന്നെ മാറ്റിയതെന്നും ഹര്‍ജിയില്‍ അലോക് വര്‍മ ചൂണ്ടിക്കാട്ടുന്നു. സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെയും അലോക് വര്‍മ ആരോപണമുന്നയിച്ചിട്ടുണ്ട്. സിബിഐ ഡയറക്ടറെ നീക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടു സന്നദ്ധസംഘടനയായ കോമണ്‍ കോസ് സമര്‍പ്പിച്ച പൊതുതാല്പര്യഹര്ജിയും കോടതി ഇന്നു പരിഗണിക്കും.
