തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ എ.ബി.വി.പി നേതാവായ ആറ്റിങ്ങല്‍ സ്വദേശി ശ്രീ പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ യുവതി കുടുംബ സമേതം ശബരിമലയില്‍ പോകുമെന്ന പരാമര്‍ശം വിവാദമാവുകയും ചെയ്‌തു. ആര്‍.എസ്.എസ് പ്രചാരണ മാദ്ധ്യമമായ കേസരിയിലും ശ്രീപാര്‍വതിയുടെ നിലപാട് പ്രസിദ്ധീകരിച്ചിരുന്നു.സംഭവത്തിന് പിന്നാലെ സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് തനിക്ക് വധഭീഷണിയുള്ളതായി ശ്രീപാര്‍വ്വതിയെ ഉദ്ദരിച്ച് ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി.
വിശ്വാസ പ്രമാണങ്ങളില്‍ കാലോചിതമായ മാറ്റമുണ്ടാകുന്ന കാലത്ത് ശബരിമലയിലേക്ക് പോകുമെന്നാണ് ശ്രീപാര്‍വതി പറയുന്നത്. അതിവേഗമുണ്ടാകുന്ന മാറ്റം സമൂഹത്തിന്റെ സന്തുലിതാവസ്ഥ തകര്‍ക്കുമെന്നും ശ്രീപാര്‍വതി പറഞ്ഞു. ഒരു സമൂഹത്തിന്റെ ചിന്താഗതി തന്നെ മാറേണ്ടതുണ്ട്. അത്തരത്തിലൊരു മാറ്റത്തിന് വേണ്ടിയാണ് നാം ശ്രമിക്കേണ്ടതെന്നും,അങ്ങനെയൊരു മാറ്റം വരുമ്ബോള്‍ വിശ്വാസം ഉണ്ടെങ്കില്‍ ഞാനും പോകും അയ്യനെക്കാണാന്‍ എന്നായിരുന്നു ശ്രീപാര്‍വതിയുടെ വാക്കുകള്‍.
പ്രൊഫഷണല്‍ രാഷ്ടീയക്കാരിയല്ലാത്തത് കൊണ്ട് ചോദ്യങ്ങളിലെ ദ്വയാര്‍ത്ഥം മനസിലാക്കാനോ,അതിന് ഉത്തരം പറഞ്ഞാല്‍ എന്ത് ഇംപാക്‌ട് ഉണ്ടാകുമെന്നോ ചിന്തിച്ചില്ല. ആര്‍ത്തവം അശുദ്ധിയല്ല,അങ്ങനെ പറയാന്‍ ആര്‍ക്കും അവകാശവുമില്ല. രാഹുല്‍ ഈശ്വര്‍ എന്ന സവര്‍ണ്ണ ഫാസിസ്റ്റിനോട് പുച്ഛം മാത്രം. ലക്ഷോപലക്ഷം വിശ്വാസികളുടെ ശബരിമല താങ്കളുടെ കുടുംബസ്വത്തല്ല. നടവരവില്‍ നിന്നുള്ള കൈയ്യിട്ടുവാരുന്ന പരിപാടി അധികകാലം ഓടില്ല എന്നും അവര്‍ണ്ണ ബ്രാഹ്മണര്‍ അയ്യപ്പനെ പൂജിക്കുന്ന കാലം വിധൂരമല്ലയെന്നും ശ്രീപാര്‍വ്വതി പറഞ്ഞു.
