മേക്ക് ഇന്‍ ഇന്ത്യ ആഗോള ബ്രാന്‍ഡായെന്ന് മോദി

ടോക്യോ: ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതി എല്ലാ അര്‍ത്ഥത്തിലും ആഗോള ബ്രാന്‍ഡായി മാറിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിലെ നിര്‍മാണ മേഖലയെ,​ പ്രത്യേകിച്ച്‌ മൊബൈല്‍ ഫോണ്‍ മേഖലയ്ക്ക് മേക്ക് ഇന്ത്യ വലിയൊരു ഉണര്‍വാണ് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍ സന്ദര്‍ശനത്തിനെത്തിയ മോദി അവിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് മാത്രമല്ല,​ ലോകത്തിന് തന്നെ ആവശ്യമായ ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ഇന്ത്യ നിര്‍മിക്കുന്നുണ്ട്. ഇലക്‌ട്രോണിക്സിന്റേയും ഓട്ടോമൊബൈല്‍ നിര്‍മാണ മേഖലയിലും ഇന്ത്യ ആഗോള ഹബ്ബായി കഴിഞ്ഞു. മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിലാണ് ഇന്ത്യ – മോദി പറഞ്ഞു.

വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. മാനവരാശിക്ക് വേണ്ടി ഇന്ത്യ നടത്തുന്ന സേവനങ്ങളെ ലോകം അഭിനന്ദിക്കുകയാണ്. ശാസ്ത്ര മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ഇന്ത്യ,​ 2022 ആകുന്പോഴേക്കും ബഹിരാകാശത്തേക്ക് ആളെ അയയ്ക്കും. കഴിഞ്ഞ വര്‍ഷം നൂറ് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ച്‌ ഇന്ത്യ റെക്കാഡിട്ടിരുന്നു. കുറഞ്ഞ ചെലവിലാണ് മംഗള്‍യാനും ചന്ദ്രയാനും ഇന്ത്യ യാഥാര്‍ത്ഥ്യമാക്കിയത്. 2022ല്‍ ഗഗന്‍യാന്‍ പദ്ധതി പൂര്‍ത്തിയാകുമെന്നും മോദി പറഞ്ഞു.

ഇന്ത്യാക്കാര്‍ ലോകത്ത് പ്രകാശം പരത്തുന്നവരെന്ന് മോദി
ദീപാവലി ദീപങ്ങളെ പോലെ ലോകത്തിന്റെ ഏത് കോണിലും പ്രകാശം പരത്തുന്നവരാണ് ഇന്ത്യാക്കാരെന്നും മോദി പറഞ്ഞു. ദീപാവലിക്ക് പ്രകാശം എങ്ങനെ ഇരുട്ടിനെ അകറ്റുന്നുവോ അതുപോലെയാണ് ഇന്ത്യാക്കാര്‍ ലോകത്തിന്റെ ഏത് കോണിലും ജപ്പാനിലും പ്രകാശം പരത്തുന്നത്. ഇന്ത്യയുടെ അഭിമാനത്തെ ഉയര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *