മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടല്‍ തടയാന്‍ നിയമം വേണം: കെ. മുരളീധരന്‍

തിരുവനന്തപുരം: മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് കെ.പി.സി.സി പ്രചരണസമിതി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി മുന്‍കൈയെടുത്താന്‍ അങ്ങനെ ശബരിമലപ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാം. അല്ലാതെ അമിത്ഷായെ കൊണ്ടുവന്ന് വാചകമടിപ്പിക്കുകയല്ല വേണ്ടത്. ശബരിമല വിധിയുടെ മറവില്‍ മറ്റ് മതങ്ങളെയും പിടിക്കാനാണ് മോദി നോക്കുന്നത്. ഇത് വിശ്വാസികള്‍ തിരിച്ചറിയണം.

മന്ത്രിമാരെ ചുമതലയേല്പിച്ചിരിക്കുന്നത് ആളുകളുടെ അടിവസ്ത്രം നോക്കാനല്ല. ഒരു മന്ത്രി പറയുന്നത് പ്രതിപക്ഷനേതാവിന്റെ മുണ്ടിനടിയില്‍ കാക്കിനിക്കറെന്നാണ്. മറ്റൊരു മന്ത്രി പൂജാരിമാര്‍ അടിവസ്ത്രമിടാറില്ലെന്നും പറയുന്നു. ഞങ്ങള്‍ക്കിതിനൊക്കെ മറുപടിയുണ്ട്. അന്തരീക്ഷത്തെ മലീമസമാക്കേണ്ടെന്നതിനാല്‍ പറയാത്തതാണ്.

കോണ്‍ഗ്രസിനെ സംഘപരിവാറാക്കാന്‍ പിണറായി ശ്രമിക്കുന്നത് പത്ത് വോട്ട് കിട്ടുമെന്ന് കരുതിയാണ്. അത് നടക്കില്ല. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കെതിരെ വരെ കേസെടുത്തു. അവരെന്താ കുഴപ്പക്കാരാണോ?

സ്ത്രീകളെ കയറ്റിയേ അടങ്ങൂവെന്ന് വാശി കാണിച്ച്‌ സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ പട്ടികയില്‍ ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്ബിസ്വാമി, പിണറായി വിജയന്‍ എന്നിങ്ങനെ പേര് വരുത്താമെന്നാണ് കരുതുന്നത്. ദുര്യോധനന്‍, ദുശ്ശാസനന്‍, രാവണന്‍ എന്നിവരുടെ സ്റ്റാറ്റസിലാണ് പക്ഷേ എത്തിയത്. രാജഭരണം ഇപ്പോഴില്ലെങ്കിലും ചില ക്ഷേത്രങ്ങളുടെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിപ്പോഴും രാജകുടുംബങ്ങള്‍ക്ക് ബന്ധമുണ്ട്. മതങ്ങളെ തമ്മില്‍ തല്ലിച്ച്‌ തിരഞ്ഞെടുപ്പില്‍ വോട്ട് നേടാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ്. ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചതാരും മറന്നിട്ടില്ല. 86ല്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകം മുഖ്യമന്ത്രി കരുണാകരന്‍ നിരോധിച്ചപ്പോള്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന് സമരം ചെയ്തയാളാണ് പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നുള്ളത് അമിത്ഷായുടെ ഒരിക്കലും നടക്കാത്ത സ്വപ്നമാണ്. 356ആം വകുപ്പനുസരിച്ച്‌ പിരിച്ചുവിടണമെങ്കില്‍ ചില കടമ്ബകളുണ്ട്. ലോക്‌സഭയും രാജ്യസഭയും അംഗീകരിക്കണം. രാജ്യസഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ സാധിക്കില്ല. രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ ഈ സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കിക്കൊള്ളും. കാടടച്ച്‌ വെടിവയ്ക്കുന്ന ഏര്‍പ്പാട് അമിത്ഷാ നിറുത്തണം. അമിത്ഷായുടെ ശരീരത്തെപ്പറ്റിയൊക്കെ പറഞ്ഞ മുഖ്യമന്ത്രി, ആ ശരീരത്തിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉദ്ഘാടനത്തിന് മുമ്ബേ ഇറങ്ങാന്‍ അനുമതി കൊടുത്തോയെന്ന് വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *