ന്യൂഡല്‍ഹി: അനിയന്ത്രിതമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ സ്ഥാനം രാജിവയ്‌ക്കുമെന്ന വാര്‍ത്തകളെത്തുടര്‍ന്ന് വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കേന്ദ്രം കൈകടത്തില്ല. എല്ലാ സ്ഥാപനങ്ങളും പൊതുതാത്പര്യം സംരക്ഷിക്കണം. കൂടിയാലോചനകള്‍ പുതിയ കാര്യമല്ലെന്നും കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. വ്യക്തമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനങ്ങള്‍ എടുക്കൂ എന്നും വിശദീകരണം തുടരുന്നു.
ആര്‍.ബി.ഐ നിയമത്തിലെ സെക്‌ഷന്‍ ഏഴ് അനുസരിച്ച് റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ മുമ്ബെങ്ങുമില്ലാത്ത വിധം കേന്ദ്രസര്‍ക്കാര്‍ കൈകടത്തുകയാണെന്നും ഇതില്‍ പ്രതിഷേധിച്ച് ഉര്‍ജിത്ത് പട്ടേല്‍ രാജിവയ്‌ക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.ബി.ഐ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും സൂചനകളുണ്ടായിരുന്നു. 2008 – 2014 കാലത്ത് ബാങ്കുകള്‍ നിയന്ത്രണമില്ലാതെ വായ്‌പ അനുവദിച്ചത് തടയാന്‍ റിസര്‍വ് ബാങ്കിന് കഴിയാതിരുന്നതാണ് രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയുടെ ആരോപണമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ആഗോള സാമ്ബത്തിക മാന്ദ്യത്തിന് ശേഷം യു.പി.എ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ആര്‍.ബി.ഐ അപ്പാടെ അനുസരിച്ചത് കാര്യങ്ങള്‍ വഷളാക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതോടെയാണ് രാജ്യത്തെ ബാങ്കുകളുടെ ബാങ്കായ ആര്‍.ബി.ഐയും സര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷമായത്.
മോദിയുടെ വിശ്വസ്തന്‍ പുറത്തേക്ക്?
നോട്ട് നിരോധനത്തിലടക്കം കേന്ദ്രസര്‍ക്കാരിനൊപ്പം നിന്ന ഉര്‍ജിത് പട്ടേല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കത്തില്‍ പ്രതിഷേധിച്ച് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ആര്‍.ബി.ഐയുടെ അധികാരങ്ങള്‍ക്ക് കൂച്ചുവിലക്കിട്ട് നടപ്പിലാക്കിയ നോട്ട് നിരോധനവും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കൈകടത്തലും ചെറുക്കാന്‍ ഉര്‍ജിത് പട്ടേലും സംഘവും തുനിഞ്ഞിറങ്ങിയാല്‍ അത് സര്‍ക്കാരിന് ക്ഷീണമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സി.ബി.ഐയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ തര്‍ക്കം ഇതിനോടകം തന്നെ വിവാദമായതും സര്‍ക്കാരിന് തലവേദനയാണ്. അതുകൊണ്ട് തന്നെ ആര്‍.ബി.ഐയിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനാണ് ധനമന്ത്രാലയം ശ്രമിക്കുന്നതെന്നാണ് വിവരം.
