ശബരിമല: പൊലീസിനോട് കൊമ്ബുകോര്‍ക്കാന്‍ തന്നെയൊരുങ്ങി സംഘപരിവാര്‍, ദക്ഷിണേന്ത്യയില്‍ നിന്ന് അണികളെത്തും

ചെങ്ങന്നൂര്‍: ബലപ്രയോഗത്തിലൂടെ ശബരിമലയില്‍ യുവതി പ്രവേശനം സാദ്ധ്യമാക്കിയാല്‍ കേരളം നിശ്ചലമാക്കാനും പ്രക്ഷോഭം ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കാനും സംഘപരിവാര്‍ സംഘടനകള്‍ ഒരുങ്ങുന്നു. സമാന ചിന്താഗതിക്കാരായ ഹൈന്ദവ സംഘടനകളുടെ സംയുക്ത കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്ന തിങ്കളാഴ്ച മുതല്‍ ശബരിമലയെ നാല് മേഖലകളായി തിരിച്ച്‌ പൊലീസ് വലയത്തിലാക്കുന്നതിനിടെയാണ് സംഘപരിവാര്‍ സംഘടനകള്‍ നിലപാട് കടുപ്പിച്ച്‌ രംഗത്ത് എത്തിയത്. യുവതി പ്രവേശനം ചെറുക്കാന്‍ കണ്ണൂരില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കരി, ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് യോഗം ചുമതല നല്‍കിയിരിക്കുന്നത്. ഇരുവരും 5ന് ശബരിമലയിലേക്ക് തിരിക്കും. ആചാരപരമായി ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് എത്തുന്ന ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

എന്നാല്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്താല്‍ കേരളത്തില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. പൊലീസ് എന്തെല്ലാം സന്നാഹം ഒരുക്കിയാലും ഇതിനെ പ്രതിരോധിക്കാന്‍ തക്ക നീക്കങ്ങളാണ് സംഘപരിവാറും നടത്തുന്നത്. സന്നിധാനത്ത് അനിഷ്ടങ്ങള്‍ ഉണ്ടായാല്‍ പത്തനംതിട്ടയില്‍ നിന്ന് പമ്ബവരെയും എരുമേലിയില്‍ നിന്ന് ഇലവുങ്കല്‍ വരെയും പെടുന്നനെ പ്രതിരോധകോട്ട ഒരുക്കും. മാത്രമല്ല കേരളത്തിലാകമാനം പ്രതിഷേധം വ്യാപിപ്പിച്ച്‌ സര്‍ക്കാരിനെയും പൊലീസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

ഹൈന്ദവ ആരാധനാലയങ്ങളുടെ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇടത് സര്‍ക്കാര്‍ മറ്റ് ആരാധനാലയങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പ് ഹിന്ദു സമൂഹത്തിനുള്ളില്‍ തുറന്ന് കാട്ടണമെന്നും ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സര്‍ക്കാര്‍ ലക്ഷക്കണക്കിന് ലഘുലേഖകള്‍ തയ്യാറാക്കി വീടുകള്‍ തോറും നല്‍കിവരുന്നതിനെ പ്രതിരോധിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കൂടാതെ വരും ദിവസങ്ങളില്‍ ബഹുമുഖ പദ്ധതികളാണ് സംഘപരിവാര്‍ തയ്യാറാക്കിയിട്ടുള്ളത്.

സര്‍ക്കാര്‍ യുവതി പ്രവേശനത്തിനൊരുങ്ങുന്നതും സംഘപരിവാര്‍ സംഘടനകള്‍ പ്രതിരോധിക്കാന്‍ ഉറച്ച്‌ രംഗത്തെത്തിയതും ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറക്കുന്ന 5, 6 തീയതികളിലെ 29 മണിക്കൂര്‍ കേരളത്തെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *