പത്തനംതിട്ട: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ പടിയില്‍ കയറിയ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസിനെതിരെ രൂക്ഷവിമര്‍ശനവുമായി പന്തളം കൊട്ടാരം രംഗത്തെത്തി. ദേവസ്വം ബോര്‍ഡ് അംഗം നടത്തിയത് അസാധാരണമായ ആചാര ലംഘനമാണ്. ശങ്കര്‍ദാസ് സ്വന്തം ചെലവില്‍ ശബരിമലയില്‍ പരിഹാര ക്രിയകള്‍ നടത്തണം. ശങ്കര്‍ദാസിന്റേത് ഉള്‍പ്പെടെ എല്ലാ ആചാര ലംഘനങ്ങളും അപലപനീയമാണ്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തണമെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെ ദര്‍ശനത്തിനെത്തിയ സ്ത്രീകളുടെ പ്രായത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടി വഴി ഇരുമുടിക്കെട്ടില്ലാതെ തിരിച്ചിറങ്ങിയത്. ഇത് ആചാരലംഘനമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുമെന്നും ദേവസ്വം ബോര്‍ഡ് അംഗമായ കെ.പി.ശങ്കര്‍ദാസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ശങ്കര്‍ദാസ് ആചാരങ്ങള്‍ ലംഘിച്ച് പതിനെട്ടാംപടി കയറിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവരും നടത്തിയത് ആചാര ലംഘനം തന്നെയാണെന്ന് പിന്നീട് തന്ത്രി പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്.
