കൊച്ചി: മയക്കുമരുന്ന് ഇടപാടുകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന വെബ് സൈറ്റിനെക്കുറിച്ച് കൊച്ചി സിറ്റി പൊലീസിന് വിവരം ലഭിച്ചു. കോളേജ് വിദ്യാര്‍ത്ഥികളെ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സൈറ്റ് കേരളത്തിന് പുറത്ത് നിന്നാണ് നിയന്ത്രിക്കുന്നത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ഇടപാട് നടക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വെബ് സൈറ്റ് ഏതെന്നോ ഇതിന് പിന്നില്‍ ആരെല്ലാമാണെന്നോ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി മയക്കുമരുന്ന് വില്പന നടത്തിയ കേസില്‍ ചാലക്കുടി സ്വദേശിയായ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വേരുറപ്പിച്ച സൈറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഓണ്‍ലൈന്‍ വഴി ഇന്ത്യയിലേക്ക് ലഹരി വസ്തുക്കള്‍ അമിതമായി എത്തുന്നുവെന്ന റിപ്പോര്‍ട്ട് നേരത്തേ പുറത്ത് വന്നിരുന്നു. ഇങ്ങനെയെത്തുന്ന ലഹരിമരുന്നുകളാണോ സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വില്പന നടത്തുന്നതെന്ന് പൊലീസിന് സംശയമുണ്ട്. വിദേശത്ത് നിന്നും കൊറിയര്‍ വഴി ഗോവയിലെത്തുന്ന ലഹരിമരുന്നുകള്‍ അവിടെനിന്നും ഏജന്റുമാര്‍ മുഖേന കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിക്കുകയാണെന്നാണ് രഹസ്യ റിപ്പോര്‍ട്ട്.
റേവ് പാര്‍ട്ടികള്‍ ധാരാളമായി നടക്കുന്ന കൊച്ചിയാണ് കേരളത്തിലെ മയക്കുമരുന്നിന്റെ പ്രധാന കേന്ദ്രം. ഗോവയില്‍ നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ വഴിയാണ് ഇവ കേരളത്തില്‍ എത്തിക്കുന്നത്. ആഡംബര വാഹനങ്ങള്‍ വഴി ചെന്നൈയില്‍ എത്തിച്ച് തീവണ്ടിമാര്‍ഗവും ലഹരി മരുന്നുകള്‍ കൊച്ചിയിലെത്തിക്കുന്നുണ്ട്. ഹാഷിഷ്, എല്‍.എസ്.ഡി., എം.ഡി.എം.എ, കൊക്കെയ്ന്‍ തുടങ്ങിയവയാണ് കടത്തുന്നത്.
ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി നടത്തുന്ന ഇടപാടുകളില്‍ ഇടപാടുകാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അന്താരാഷ്ട്ര ലഹരി മാഫിയയുടെ വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ അറിയുന്നതും വെല്ലുവിളിയാണ്. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എല്‍.എസ്.ഡി ഇടപാട് ആദ്യകാലങ്ങളില്‍ കഞ്ചാവിനോട് കൂടുതല്‍ താത്പര്യം കാണിച്ചിരുന്നവര്‍ ഇപ്പോള്‍ കൂടുതല്‍ ഉന്മാദത്തിനായി രാസലഹരിയിലേക്ക് ചേക്കേറുകയാണ്.
എല്‍.എസ്.ഡിയാണ് യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രാസലഹരി. ഒരൊറ്റ ഉപയോഗത്തില്‍ തന്നെ ഇരയെ അടിമയാക്കാന്‍ ശേഷിയുണ്ട് എല്‍.എസ്.ഡിക്ക്. അമിത ഉപയോഗം കേന്ദ്ര നാഡീവ്യൂഹത്തെയും വൃക്കകളെയും സാരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം പിടിയിലായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും മൂന്ന് എല്‍.എസ്.ഡിയാണ് പൊലീസ് കണ്ടെടുത്തത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇയാള്‍ ആര്‍ക്കെല്ലാമാണ് ഇടപാട് നടത്തിയിട്ടുള്ളത് എന്നെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ റിമാന്‍ഡിലാണിയാള്‍. അന്വേഷണം ആരംഭിച്ചു കേരളത്തിന് പുറത്ത് നിന്നാണ് സൈറ്റ് നിയന്ത്രിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായത്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കെ. ലാല്‍ജി, അസി. പൊലീസ് കമ്മിഷണര്‍, കൊച്ചി സിറ്റി പൊലീസ്
