കരിപ്പൂരില്‍ മരിച്ചത് നിഷയല്ല, ഫാത്തിമ; സിഐഎസ്‌എഫ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത് കള്ളം, ആത്മഹത്യക്ക് കാരണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്റെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ഉദ്യോഗസ്ഥന്‍ പോലീസിനോട് ആദ്യം പറഞ്ഞത് കള്ളമാണെന്ന് ബോധ്യമായി. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥന്‍ എല്ലാം സമ്മതിച്ചു.

യുവതിയുടെ പേരുവിവരങ്ങളെല്ലാം പോലീസിന് ലഭിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ഫാത്തിമ ഖാത്തൂനാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസിന് ബോധ്യമായി. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചു. എന്തിനാണ് ഉദ്യോഗസ്ഥന്‍ ആദ്യം കള്ളം പറഞ്ഞതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ…

വിമാനത്താവളത്തിലെ സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വിശ്വജിത്ത് സിങിന്റെ ഫ്‌ളാറ്റിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശി നിഷയാണ് മരിച്ചത് എന്നാണ് ഉദ്യോഗസ്ഥന്‍ ആദ്യം പോലീസിനോട് പറഞ്ഞത്. യുവതിയുടെ വീടും മേല്‍വിലാസവും അറിയില്ലെന്നും വിശ്വജിത്ത് പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇതുവിശ്വസിച്ചില്ല.

വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വിശ്വജിത്തില്‍ നിന്ന് ലഭിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ഫാത്തിമ ഖാത്തൂനാണ് മരിച്ചതെന്ന് ഒടുവില്‍ വിശ്വജിത്ത് സമ്മതിച്ചു. യുവതിയുടെ പേര് വ്യക്തമാക്കുന്ന രേഖകളും പോലീസ് ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തി.

വര്‍ഷങ്ങളായി വിശ്വജിത്തും ഫാത്തിമയും ഒരുമിച്ചാണ് താമസം. ഇവര്‍ നിയമപരമായി വിവാഹം ചെയ്തിട്ടില്ല. വിശ്വജിത്തിന് മറ്റൊരു ഭാര്യയുണ്ട്. ഉത്തര്‍ പ്രദേശിലെ വാരണാസിയിലാണ് ഈ ഭാര്യ. ഇവര്‍ കരിപ്പൂരിലേക്ക് വരുന്നുവെന്ന് ഫാത്തിമ അറിഞ്ഞിരുന്നു. ഇതായിരിക്കാം ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പോലീസ് കരുതുന്നു.

ഞരമ്പ് മുറിച്ച ശേഷം

യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. യുവതിയുടെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. അവരെത്തി മൃതദേഹം തിരിച്ചറിയണം. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്.

വിശ്വജിത്തിന്റെ ഭാര്യ കരിപ്പൂരിലേക്ക് വരുന്നത് ഫാത്തിമ അറിഞ്ഞിരുന്നു. ഇതായിരിക്കാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നു. മറ്റു കാരണമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ആതമഹത്യയ്ക്ക് വിശ്വജിത്ത് പ്രേരിപ്പിച്ചോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *