ഹൈദരാബാദ്: ( 28.11.2018) മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുന്നു. തെലങ്കാനയില്‍ ഭരണം പിടിക്കണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി. ഇത്തവണ കോണ്‍ഗ്രസിന് തെലങ്കാനയില്‍ അഭിമാന പോരാട്ടം കൂടിയാണ്. 2014 ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വിഭജിച്ച് തെലങ്കാന എന്ന പുതിയ സംസ്ഥാനം രൂപീകരിക്കുമ്ബോള് ആന്ധ്രാപ്രദേശ് കൈവിട്ടാലും തെലങ്കാന പാര്‍ട്ടിയുടെ കൂടെ നില്‍ക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്.
എന്നാല്‍ ആന്ധ്രയില്‍ തകര്‍ന്നടിഞ്ഞതും തെലങ്കാനയില്‍ ഭരണത്തില്‍ എത്താന്‍ കഴിയാതിരുന്നതും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട സംസ്ഥാനം പിടിച്ചെടുക്കാന്‍ ഇത്തവണ വലിയ പോരാട്ടം തന്നെയാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് അസ്ഹറുദ്ദീനെ സജീവമായി രംഗത്ത് ഇറക്കാന്‍ കച്ചകെട്ടിയിറങ്ങിരിക്കയാണ് പാര്‍ട്ടി.
ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുഹമ്മദ് അസ്ഹറുദ്ദിന് 2009 ലായിരുന്നു കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ആ വര്‍ഷം ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചു കയറാനും അദ്ദേഹത്തിന് കഴിഞ്ഞു. 2014 ല്‍ കോണ്‍ഗ്രസ് വീണ്ടും അദ്ദേഹത്തിന് സീറ്റ് നല്‍കിയെങ്കിലും ടോങ്ക്സവായ് മധോപൂര്‍ മണ്ഡലത്തില്‍ ദയനീയമായി പരാജയപ്പെട്ടു.
പിന്നീട് രാഷ്ട്രീയ രംഗത്ത് സജീവമല്ലാതിരുന്ന അസ്ഹര്‍ തെലങ്കാന കോണ്‍ഗ്രസില്‍ സജീവമാകാനുള്ള ആഗ്രഹം 2017 ല്‍ വ്യക്തമാക്കിയിരുന്നു. നമുക്ക് ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കാമെങ്കില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നായിരുന്നു ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ അദ്ദഹം പറഞ്ഞത്.
ഇതിനോട് അനുഭാവപൂര്‍ണമായ പ്രതികരണമായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന ഘടകം നടത്തിയത്. തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ അസ്ഹറിനെ അറിയിച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പാര്‍ട്ടി സീറ്റ് നല്‍കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയില്‍ അസ്ഹറിനെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസുമായി പിണങ്ങിയ അദ്ദേഹം പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.
നേരത്തെ സെക്കന്തരാബാദില്‍ നിന്ന് മത്സരിക്കാനാണ് തന്റെ ആഗ്രഹമെന്ന് അസ്ഹര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ക്രിക്കറ്ററെന്ന പേരില്‍ അദ്ദേഹം വളര്‍ന്ന് വന്ന നഗരമാണ് ഇത്. സെക്കന്തരാബാദില്‍ അദ്ദേഹം വലിയ നേതാവുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് അസ്ഹറിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത്.
അതേസമയം തനിക്ക് സീറ്റ് നിഷേധിച്ചതിനോട് അസ്ഹര്‍ പ്രതികരിച്ചത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സീറ്റ് നിഷേധിച്ചുവെന്നാണ് . മാത്രമല്ല കോണ്‍ഗ്രസ് ടിഡിപിയുമായി സഖ്യമുണ്ടാക്കിയതും അസ്ഹറിനെ ചൊടിപ്പിച്ചിരുന്നു. ചന്ദ്രബാബു നായിഡുവിനെ മുഖ്യശത്രുവായിട്ടാണ് ഇത്രയും കാലം കോണ്‍ഗ്രസ് കണ്ടിരുന്നത്. തുടര്‍ന്ന് അസ്ഹര്‍ പാര്‍ട്ടി വിടുന്നുവെന്ന സൂചനകള്‍ ശക്തമായപ്പോഴാണ് അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിലെ നീരസം ഒഴിവാക്കാന്‍ അസ്ഹറിന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയിലെ മുന്‍ നിര സ്ഥാനം തന്നെ നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സംസ്ഥാനത്ത് വലിയ താരപരിവേഷമുള്ള അസ്ഹറിനെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആക്കാനാണ് നീക്കം.
നിലിവിലുള്ള മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് പുറമേയാണ് അസ്ഹറിനേയും പരിഗണിക്കുന്നത്. ജെറ്റി കുസും കുമാര്‍, എം രേവന്ത് കുമാര്‍ മുന്‍ എംപി പൊന്നന് രാധാകൃഷ്ണന് എന്നിവരാണ് നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാര്‍. കഴിഞ്ഞ വര്‍ഷം ടിഡിപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ നേതാവാണ് എം രേവന്ത് കുമാര്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സെക്കന്തരാബാദില്‍ പാര്‍ട്ടി സീറ്റ് നീഷേധിച്ചെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ സീറ്റ് നല്‍കുമെന്നാണ് അസ്ഹറിന്റെ പ്രതീക്ഷ. പാര്‍ട്ടിയിലെ ഉന്നത സ്ഥാനം തന്റെ ലോക്സഭാ സീറ്റ് ഉറപ്പിക്കുന്നതിന് വഴിയൊരുക്കുമെന്നും അസ്ഹര്‍ കണക്കുകൂട്ടുന്നു.
