വില്ലുപുരം : സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റില്‍. തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ പത്താം ക്സാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായ ആല്‍ബര്‍ട്ട് സൗന്ദരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടല്ലൂര്‍ സ്വദേശിയാണിയാള്‍.
ക്ലാസ് കഴിഞ്ഞ് എല്ലാവരും പോയ ശേഷം കുടിക്കാനുള്ള വെള്ളം എടുക്കാനായി പോയ പെണ്‍കുട്ടി ആല്‍ബര്‍ട്ടിന്റെ ശ്രദ്ധയില്‍ പെട്ടു. ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ചതോടെ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി ഹോസ്റ്റലില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വാര്ഡന് മറ്റംഗങ്ങളെ വിവരമറിയിച്ചു. ഇവര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി വളരെ വൈകി സ്കൂള്‍ കെട്ടിടടത്തിന് മുകളിലെ ടാങ്കിന് സമീപത്ത് നിന്ന് അവശനിലയിലായ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. ബോധം തിരികെ കിട്ടിയ ശേഷം പെണ്‍കുട്ടി നടന്ന സംഭവങ്ങള്‍ അറിയിച്ചു.
സ്കൂളിലെ പ്രധാന അധ്യാപിക പരാതിയുമായി പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് ആല്‍ബര്‍ട്ട് പിടിയിലാവുകയായിരുന്നു.
