മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ; സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച്‌ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ജനുവരി നാലിലേക്കാണ് ഹര്‍ജി മാറ്റിയിരിക്കുന്നത്. മഞ്ചേശ്വരം എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്റെ ഹര്‍ജി.

റസാഖിന്റെ മകന്‍ ഷെഫീഖ് റസാഖ് കേസില്‍ കക്ഷി ചേരാന്‍ കഴിഞ്ഞ ദിവസം കോടതി അനുവദിച്ചിരുന്നു. അബ്ദുള്‍ റസാഖ് മരിച്ചതോടെയാണ് ഷെഫീഖ് റസാഖിനെ കേസില്‍ കക്ഷി ചേരാന്‍ അനുവദിച്ചത്.

മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം കള്ളവോട്ട് മൂലമാണെന്നും അതിനാല്‍, തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.

അബ്ദുള്‍ റസാഖ് മരിച്ചതോടെ കേസില്‍ മറ്റാര്‍ക്കെങ്കിലും കക്ഷി ചേരാന്‍ താല്പര്യമുണ്ടോയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഷെരീഖ് കോടതിയെ സമീപിച്ചത്.

മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നും 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ നിര്‍ണായകമാണ് സുരേന്ദ്രന്റെ ഹര്‍ജി.

Leave a Reply

Your email address will not be published. Required fields are marked *