പുതിയ കണ്ടക്‌ടര്‍മാര്‍ക്ക് ഉടന്‍ സ്ഥിരം നിയമനമില്ല, താല്‍ക്കാലികക്കാരുടെ വേതനമെ നല്‍കൂവെന്നും തച്ചങ്കരി

തിരുവനന്തപുരം: ജീവനക്കാരുടെ കുറവ് നികത്താന്‍ പി.എസ്.സിയില്‍ നിന്ന് നിയമനങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി. ടൊമിന്‍.ജെ. തച്ചങ്കരി. രണ്ട് മാസം എടുത്ത് നടപ്പിലാക്കേണ്ട പ്രക്രിയകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാഴ്‌ച കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് തച്ചങ്കരി വ്യക്തമാക്കി. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ജീവനക്കാരുടെ വലിയ തരത്തിലുള്ള കുറവുണ്ടായിട്ടും അത് കളക്ഷനെ ബാധിച്ചില്ല. തിങ്കളാഴ്‌ച മാത്രം 7.49 കോടി രൂപയുടേതായിരുന്നു വരുമാനം. മാത്രമല്ല 17 ലക്ഷം രൂപയുടെ ഡീസല്‍ ലാഭിക്കാനുമായി. എന്നാല്‍ ജീവനക്കാരുടെ കുറവ് കോടതി നിര്‍ദ്ദേശ പ്രകാരം ഉടന്‍ നികത്തും.സാധരണഗതിയില്‍ രണ്ട് മാസം എടുത്ത് പൂര്‍ത്തീകരിക്കേണ്ട പ്രക്രിയകള്‍ ഒരാഴ്‌ചയ്‌ക്കകം നടത്തും.

നിയമിക്കപ്പെടുന്നവര്‍ക്ക് പ്രാഥമികമായി രണ്ട് ദിവസത്തെ കോഴ്‌സ് നല്‍കും. പരിശീലനം കഴിഞ്ഞാല്‍ കണ്ടക്‌ടര്‍ പരീക്ഷ നടത്തുകയും പാസായാല്‍ പിറ്റേദിവസം തന്നെ ലൈസന്‍സ് ലഭ്യമാക്കുകയും ചെയ്യും. തുടര്‍ന്ന് ടിക്കറ്റ് മെഷീനിലുള്ള പരിശീലനം നല്‍കും. ആദ്യകാലങ്ങളില്‍ സിറ്റിക്കടുത്തുള്ള റൂട്ടിലായിരുക്കും ഇവരെ നിയോഗിക്കുക’- തച്ചങ്കരി പറഞ്ഞു.

എന്നാല്‍ പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക് ഉടന്‍ സ്ഥിരം നിയമനം നല്‍കില്ലെന്നും കെ.എസ്.ആര്‍.ടി.സി എം.ഡി വ്യക്തമാക്കി. താല്‍ക്കാലിക ജീവനക്കാര്‍ക്ക് നല്‍കിയ വേതനമെ നല്‍കൂ. പ്രവര്‍ത്തനം വിലയിരുത്തിയതിന് ശേഷമാകും സ്ഥിരപ്പെടുത്തുകയെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *