അവര്‍ ദര്‍ശനം നടത്തിയതില്‍ സന്തോഷം: സന്നിധാനത്തെത്തിയ യുവതികളെ പ്രശംസിച്ച്‌ ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളെ ബി.ജെ.പി എം.പി ഉദിത് രാജ് പ്രശംസിച്ചു. ‘അവര്‍ ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തിയതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. അതിനെതിരെയുള്ള പ്രതിഷേധവും വിവാദവും ഖേദകരമാണ്. എല്ലാ പുരുഷന്‍മാരും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ചവരാണെ’ന്നും അദ്ദേഹം പറഞ്ഞു.

സതി, സ്ത്രീധനം പോലെയുള്ള ആചാരമായി മാത്രമെ ശബരിമലയില്‍ യുവതീപ്രവേശനം നിഷേധിക്കുന്നതിനെ കാണാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവ് അംഗവും പട്ടികജാതി-വര്‍ഗ കോണ്‍ഫെഡറേഷന്റെ അഖിലേന്ത്യാ ചെയര്‍മാന്‍ കൂടിയാണ് ഉദിത് രാജ്.

ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിന് പിന്തുണ നല്‍കിയത്. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധം നടത്തുന്നതിനിടെയാണ് ഉദിത് രാജ് യുവതികളെ പ്രശംസിച്ച്‌ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *