തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ സംവിധായകന് പ്രിയനന്ദന് നേരെ ആര്.എസ്.എസ് ആക്രമണം. ആര്.എസ്.എസുകാര്‍ മര്‍ദ്ദിച്ചെന്നും വീട്ടില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദന് പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്റെ പോസ്റ്റ് വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു ആക്രമണം. വല്ലംചിറ ജംഗ്ഷനിലെ കടയിലേക്ക് പോകുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ ബി.ജെ.പി ആര്.എസ്.എസ് പ്രവര്ത്തകരാണിതെന്നും അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പ്രിയനന്ദന് പറഞ്ഞു. സംഭവത്തില്‍ പരാതിയുമായി പൊലീസിനെ സമീപിക്കാനാണ് പ്രിയനന്ദന്റെ തീരുമാനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റിലെ ഭാഷ മോശമെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും നിലപാടില്‍ മാറ്റമില്ലെന്നും ഇതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും നേരത്തെ പ്രിയനന്ദനന് വ്യക്തമാക്കിയിരുന്നു.
അതേസമയം, സംഭവത്തിന് പിന്നില്‍ ആര്.എസ്.എസിനും ബി.ജെ.പിക്കും യാതൊരു ബന്ധമില്ലെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് പറഞ്ഞു. പ്രിയനന്ദനെ മര്‍ദ്ദിക്കണമെങ്കില്‍ പണ്ടേ ആവാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ജനാധിപത്യ രീതിയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. അന്ന് ആ പ്രകടനം പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ പരാതി നല്‍കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നെന്നും ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
