സഭാ നടപടി തുടര്‍ന്നാല്‍ അധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍.മഠത്തിന്റെ നിയമാവലികളും സന്യാസ സഭയുടെ നിര്‍ദേശങ്ങളും താന്‍ ലംഘിച്ചിട്ടില്ല.നിലവില്‍ ചില മേലധികാരികള്‍ തനിക്കെതിരെ ഏകപക്ഷീയ അധിക്ഷേപങ്ങളാണ് പടച്ചുവിടുന്നതെന്നും സിസ്റ്റര്‍ ആരോപിച്ചു.പാലക്കാട് വിക്‌ടോറിയ കോളജില്‍ നടന്ന സെമിനാറിനെത്തിയതായിരുന്നു സിസ്റ്റര്‍.
മഠത്തിലെ സഹസന്യാസിമാര്‍ ഭൂരിഭാഗവും തന്നോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയാണ്. താന്‍ മഠത്തിലെ കൂട്ടുപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിലെ മറ്റൊരാരോപണം. എന്നാല്‍, ആരും മിണ്ടാന്‍പോലും കൂട്ടാക്കാത്ത സ്ഥലത്ത് ഇതെങ്ങനെ സാധിക്കാനാണെന്നും അവര്‍ പറഞ്ഞു
അതേസമയം അധ്യാപികയായ സിസ്റ്റര്‍ ലൂസിയെ കാരക്കാമല ഇടവകയില്‍ മതബോധന ക്ലാസെടുക്കുന്നതില്‍ നിന്ന് വിലക്കിയ അധികൃതരുടെ തീരുമാനം ഒരുവിഭാഗം ഇടവക ജനങ്ങള്‍ പ്രതിഷേധിച്ചതോടെ പിന്‍വലിച്ചിരുന്നു.നിലവില്‍ പലയിടത്തുനിന്നും ഭീഷണിയുയര്‍ന്നുവരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍തന്നെ അധിക്ഷേപിക്കാന്‍ ചില സന്യസ്തരടക്കം വലിയൊരുവിഭാഗം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും ഭീഷണിയുടെ സ്വരമാണുള്ളതെന്നും താന്‍ സഭാവസ്ത്രമോ സന്യാസജീവിതമോ ഉപേക്ഷിക്കില്ല എന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക വിവാദത്തില്‍ നടപടിയാവശ്യപ്പെട്ട് ഒരുവിഭാഗം കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരവേദിയില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തത് സഭാധികൃതരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.
