മുംബൈ : മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിനെ പൊലീസ് തടഞ്ഞു. സമരത്തിനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നാസിക്കിലേക്ക് എത്തിയ കര്‍ഷകരെയാണ് പൊലീസ് തടഞ്ഞിരിക്കുന്നത്. കര്‍ഷകര്‍ ഒത്തുകൂടിയ മുംബൈയിലെ മൈതാനത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ സമരവുമായി മുന്നോട്ടുതന്നെ പോകുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ അധ്യക്ഷന്‍ അശോക് ധാവ്ള പറഞ്ഞു.
ഐതിഹാസികമായ നാസിക് കിസാന്‍ മാര്‍ച്ചിന്റെ ചുവടുപിടിച്ചാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ബുധനാഴ്ച വീണ്ടും വീണ്ടും ലോങ് മാര്‍ച്ചിനായി അണിനിരന്നത്. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ ഇതേ പാതയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. ഒരുവര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കാന്‍ മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാറും കേന്ദ്ര സര്‍ക്കാരും തയ്യാറാകത്തത് ആണ് കര്‍ഷകരെ വീണ്ടും പോരാട്ട പാതയിലേക്ക് എത്തിച്ചത്.
കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില , കാര്‍ഷീക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കാര്‍ഷീക ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെക്കും. ഡല്‍ഹിയില്‍ 208 കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിന്റെ വിജയത്തിന് പിന്നാലെയാണ് നാസിക്-മുംബൈ കര്‍ഷക മാര്‍ച്ച് പ്രഖ്യാപനം.
