ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത അപ്രഖ്യാപിത ഹര്‍ത്താലില്‍ നിയമനടപടി നേരിടാന്‍ തയ്യാറെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളുടെ പേരില്‍ എത്ര കേസില്‍ വേണമെങ്കിലും ശിക്ഷയനുഭവിക്കാന്‍ തയ്യാറാണെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലുവ എസ് പി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ്.

യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത് സമാധാനപരമായ ഹര്‍ത്താലാണെന്നും അങ്ങനെ മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. എന്നാല്‍ മറിച്ചാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡീന്‍ പറഞ്ഞു. കൊലപാതകത്തെയും അതിനെതിരെ നടത്തുന്ന സമരത്തെയും ഒരു പോലെ കാണരുതെന്ന് ഡീന്‍ പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് ഫെബ്രുവരി 18ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഡീനിനെ പ്രതിയാക്കാനാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഹര്‍ത്താലില്‍ 2.65 ലക്ഷം രൂപയുടെ പൊതുമുതല്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. ഈ തുക ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ ഹര്‍ത്താലിന് ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന കോടതി ഉത്തരവ് ലംഘിച്ചതിന് കോടതിയലക്ഷ്യവും ഡീന്‍ കുര്യാക്കോസ് നേരിടുന്നുണ്ട്.

കൊലപാതകികള്‍ക്കെതിരെ സമരം ചെയ്തതിന് എത്ര കേസുകളില്‍ പ്രതിയാകേണ്ടി വന്നാലും ശിക്ഷിക്കപ്പെടേണ്ടി വന്നാലും അത് സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. നീതിപീഠത്തോട് ബഹുമാനമുണ്ട്, എന്നാല്‍ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്.സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കാന്‍ കാണിക്കുന്നതിന്‍റെ പത്തിലൊന്ന് ആര്‍ജവമെങ്കിലും കൊലപാതകികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാണിക്കണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

പെരിയ കൊലപാകതത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പ് ഇന്ന് സംസ്ഥാനമൊട്ടാകെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌ സംഘടിപ്പിക്കുന്നുണ്ട്. ആലുവ എസ്‍‍പി ഓഫീസിലേയ്ക്ക് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ചെറിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Leave a Reply

Your email address will not be published. Required fields are marked *