കത്തിപ്പടരുന്ന കാട്ടുതീയില്‍ ഭയന്നു വിറച്ച്‌ വയനാട്

പുല്‍പള്ളി : വേനല്‍ കടുത്തതോടെ കാട്ടുതീ കത്തിപ്പടരുന്നതില്‍ ആശങ്കയിലാഴ്ന്നിരിക്കുകയാണ് വയനാട് ജില്ല. എന്നാല്‍ തീ കത്തിപ്പടരുന്നത് തടയാന്‍ ആരും മുന്‍കൈ എടുക്കാത്തതാണ് ആശങ്ക വര്‍ധിക്കുന്നതിന് മറ്റൊരു പ്രധാന കാരണം. ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചിന്തിക്കാതെയാണ് പലരും ഈ വിപത്തിനെ ശ്രദ്ധിക്കാതെ പോകുന്നത്. നൂറ്റാണ്ടുകള്‍ക്കൊണ്ട് പ്രകൃതി പരുവപ്പെടുത്തിയെടുത്ത ആവാസ വ്യവസ്ഥ നിമിഷങ്ങള്‍ക്കകം കത്തിപ്പടരുന്ന തീയില്‍ ഇല്ലാതാവുകയാണ്.

മഴക്കാലത്ത് പെയ്യുന്ന വെള്ളം കാട് മണ്ണിലിറക്കി വേനല്‍കാലത്തേക്കായി കരുതിവയ്ക്കും. ഇങ്ങനെ പ്രകൃതി സംഭവരിക്കുന്ന ജലമാണ് നദികളും പുഴകളും ഉദ്ഭവിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഈ ജലസംഭവരികള്‍ തന്നെയാണ് വരള്‍ച്ചയില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നതും. എന്നാല്‍ മണ്ണിലേക്ക് വെള്ളത്തെ ആഗികരണം ചെയ്യാന്‍ സഹായിക്കുന്ന മണ്ണും കരിയിലയും ചേര്‍ന്ന ഉപരിതലമാണ് കാട്ടു തീയില്‍ ഇല്ലാതാകുന്നത്.

ഇതിന് തീപിടിക്കുമ്ബോള്‍ ജൈവമൂലകങ്ങളും സൂക്ഷ്മ ജീവികളും നിറഞ്ഞ ജൈവ ആവരണം നഷ്ടമായി മണ്ണ് വെന്ത് അതിന്റെ എല്ലാ തനിമയും കഴിവുകളും നശിക്കുന്നു. മഴ പെയ്യുമ്ബോള്‍ തുള്ളി വെള്ളം പോലും ആഗിരണം ചെയ്യാന്‍ ശേഷിയില്ലാത്ത ചുടുകട്ടയായി ഉപരിതലം മാറുന്നു. ചെറിയ മഴയുണ്ടാവുമ്ബോള്‍ തന്നെ ഉപരിതലത്തിലെ ചാരവും പൊടിഞ്ഞ മണ്ണും ഒഴുകിപോകുന്നു. ഇതാണ് കൊടും വരള്‍ച്ചയിലേക്ക് വരെ നീങ്ങാന്‍ കാരണമാകുന്ന ഒന്നെന്ന് പറയുന്നത്.

മണ്ണിന്റെ ഉപരി തലത്തിലുള്ള ജീവികള്‍ മുതല്‍ മരക്കൊമ്ബിലെ പക്ഷികള്‍ വരെ ഈ തീയില്‍ വെന്ത് ഇല്ലാതാകുന്നു. രണ്ടു-മൂന്ന് വര്‍ഷം തുടര്‍ച്ചയായി കത്തുന്ന വനപ്രദേശം സര്‍വനാശത്തെ നേരിടുന്നുവെന്നും വനമെന്ന ഗണത്തില്‍ പെടുത്താന്‍ കഴിയില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. കാട്ടുതീ അന്തരീക്ഷ താപനിലയിലും കാര്യമായി വര്‍ധയുണ്ടാക്കുന്നു.ജൈവവൈവിധ്യത്തേ തന്നെ ഇല്ലാതാക്കുന്ന കാട്ടു തീ പ്രതിരോധിക്കാന്‍ ആദ്യം മുന്‍കരുതല്‍ എടുക്കേണ്ടത് മനുഷ്യര്‍ തന്നെയാണ്. ഇത് വനം വകുപ്പിന്റെ ചുമതലായണെന്ന് കരുതാതെ അടുത്ത തലമുറയ്ക്കായി നമ്മുടെ സമ്ബത്തിനെ സംരക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും കടമയുണ്ടെന്ന് നാം ഓര്‍ക്കണം.

Leave a Reply

Your email address will not be published. Required fields are marked *