ഒസാമ ബിന്‍ലാദന്റെ മകന്റെ പൗരത്വം റദ്ദാക്കി സൗദി അറേബ്യ

ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഹംസ ബിന്‍ ലാദനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ (ഏഴ് കോടിരൂപ) പാരിതോഷികം അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗദിയുടെ നടപടി.

ഒസാമ ബിന്‍ലാദന്റെ മരണത്തിനു ശേഷം മൂന്ന് ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക് തിരികെ മടങ്ങാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഹംസയുടെ കാര്യത്തില്‍ അപ്പോഴും തര്‍ക്കം നിലനിന്നിരുന്നു. വര്‍ഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു ഹംസ.

പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസ എവിടെയാണെന്നതിനെ കുറിച്ച്‌ ഊഹാപോഹങ്ങള്‍ മാത്രമാണുള്ളത്. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാനില്‍ വീട്ടു തടങ്കിലിലോ ആണ് ഹംസ എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സത്യാവസ്ഥ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അമേരിക്ക ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.ഹംസ ലാദന്‍ ഭീകരവാദത്തിന്റെ മുഖമായി വളര്‍ന്ന് വരുകയാണെന്ന വിവരത്തെത്തുടര്‍ന്നാണ് യു.എസ് നടപടി. ഹംസ ബിന്‍ ലാദന്‍ 2015 മുതല്‍ അല്‍ഖ്വദയില്‍ ഔദ്യോഗികമായി അംഗമാണ്. ബിന്‍ ലാദന്റെ മരണത്തിന് ശേഷം ഹംസ അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

അതേസമയം, തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹംസ ബിന്‍ ലാദന്റെ ഓഡിയോ, വീഡിയോ സന്ദേശങ്ങളും 2015 ല്‍ പുറത്തുവിട്ടിരുന്നു.

2011 ല്‍ പാകിസ്താനിലെ അബട്ടാബാദിലെ ഒളിവുസങ്കേതത്തില്‍ വച്ചാണ് അമേരിക്ക ഒസാമ ബിന്‍ ലാദനെ പിടികൂടി വധിക്കുന്നത്. അന്ന് ഒളിവുസങ്കേതത്തില്‍ ഹംസ ബിന്‍ ലാദന്‍ ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *