നവകേരള നിര്‍മാണത്തില്‍ ലോകബാങ്ക് വായ്പയ്ക്ക് അംഗീകാരം; ആദ്യഗഡു 3500 കോടി

തിരുവനന്തപുരം: നവകേരള നിര്‍മിതിയ്ക്കായി ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. 3500 കോടി രൂപയാണ് വായ്പയുടെ ആദ്യഗഡുവായി സ്വീകരിക്കുന്നത്. 70ഃ30 അനുപാതത്തിലാണ് വായ്പയെടുക്കുക. 1500 കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ച്‌ നല്‍കും. അങ്ങനെ ആകെ 5000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ വര്‍ഷം ജൂണ്‍ മാസത്തോടെ വായ്പ ലഭ്യമാക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വായ്പ ലഭ്യമാക്കാന്‍ മുന്നോടിയായി സ്വീകരിക്കേണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.

കേരളത്തിന്‍റെ ബൃഹത്തായ പുനര്‍നിര്‍മാണത്തിനായി റീബില്‍ഡ് കേരള വികസന പദ്ധതി കരട് രേഖ പരിഗണിച്ചു. ഈ രേഖ ഇന്ന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഈ കരട് രേഖ വിലയിരുത്തും. പ്രവാസി മലയാളികളുടെയും കേരളത്തിനകത്തും പുറത്തും താമസിക്കുന്ന വിദഗ്ധരുടെയും ടെക്കികളുടെയും പൗരന്‍മാരുടെയും നിര്‍ദേശങ്ങളടങ്ങിയതാണ് കരട് രേഖ. 

പുറമ്ബോക്കില്‍ താമസിക്കുന്ന പ്രളയബാധിത കുടുംബങ്ങള്‍ക്ക് അവരുടെ തൊട്ടടുത്ത ബ്ലോക്കില്‍ മൂന്ന് മുതല്‍ അഞ്ച് സെന്‍റ് വരെ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ വീട് വയ്ക്കാനായി കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വരെ നല്‍കും. സര്‍ക്കാര്‍ വക ഭൂമിയില്ലെങ്കില്‍ പുതിയ ഭൂമി വാങ്ങാന്‍ പരമാവധി ആറ് ലക്ഷം രൂപ നല്‍കും. ഈ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *