ചെന്നൈ: തമിഴ്നാട്ടിലെ അറുപതോളം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ അന്വേഷണം സി.ബി. ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച മുന്നൂറോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കനിമൊഴിയടക്കമുള്ള ഡി.എം.കെ പ്രവര്‍ത്തകറെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
എന്നാല്‍, സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറാനും തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് നേരത്തെ തന്നെ സി.ബി സി.ഐഡിക്കു കൈമാറിയിരുന്നു.
കഴിഞ്ഞദിവസം സംഭവത്തില്‍ എ.ഡി.എം.കെ സര്‍ക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊള്ളാച്ചിയില്‍ ഉള്‍പ്പടെ ഡി.എം.കെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. നേരത്തെ നടന് കമല്ഹാസന് പൊലിസ് മേധാവിയെ കണ്ട് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹമായിരുന്നു ആദ്യം വിഷയത്തില്‍ ഇടപെട്ടത്.
അറുപതോളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ ഭൂരിഭാഗവും കോളേജ് വിദ്യാര്‍ഥിനികളായിരുന്നു. കേസില്‍ എട്ടുപേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഏഴു വര്‍ഷത്തിനിടയിലാണ് പ്രതികള്‍ ഇത്രയും പേരെ പീഡനത്തിനിരയാക്കിയത്. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത പണം തട്ടുകയും ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു പെണ്‍കുട്ടികളുമായി പ്രതികള്‍ സൗഹൃദം സ്ഥാപിച്ചിരുന്നത്. പിന്നീട് രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു പതിവ്. പൊള്ളാച്ചി സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയാണ് ആദ്യമായി പ്രതികള്‍ക്കെതിരെ പരാതിയുമായി രംഗത്തു വന്നത്.
