പത്തനംതിട്ട: എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കായുളള കാത്തിരിപ്പ് പത്തനംതിട്ടയില്‍ നീളുന്നു. അഭ്യൂഹങ്ങള്‍ പലതും പ്രചരിക്കുന്നുണ്ടെങ്കിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കളാരും മനസു തുറക്കുന്നില്ല. ഡല്‍ഹിയില്‍ പ്രഖ്യാപിക്കും എന്നേ പറയുന്നുളളൂ. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ മരണം കാരണമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതെന്ന് നേതൃത്വം വിശദീകരിച്ചു.സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച ആര്.എസ്.എസ് നേതൃത്വം വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം വേണമെന്ന് നിര്‍ദ്ദേശിച്ചതായും വിവരമുണ്ട്.
പത്തനംതിട്ടയില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും അവകാശവാദം ഉന്നയിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഈ നേതാക്കള്‍ പത്തനംതിട്ട സീറ്റിനായി വടംവലി രൂക്ഷമാക്കിയത്. ശബരിമല കേസില്‍ ജയിലില്‍ കിടന്നതും കോടതി വിലക്ക് കല്‍പ്പിച്ചതുമൊക്കെ അനുകൂലമാകുമെന്നാണ് സുരേന്ദ്രന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ പത്തനംതിട്ടയില്‍ സുരേന്ദ്രനെ പോലുള്ള തീവ്രനിലപാടുകാര്‍ മത്സരിച്ചാല്‍ ഗുണം ചെയ്യില്ലെന്നും എല്ലാവര്ക്കും സ്വീകാര്യനായ ശ്രീധരന്‍പിള്ളയെപ്പോലുള്ളവര്‍ വേണമെന്നുമാണ് മറുഭാഗത്തിന്റെ വാദം.
ഇക്കാര്യം ഉന്നയിച്ച് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവരുടെ ഫേസ്ബുക്ക് പേജുകളില്‍ പ്രവര്‍ത്തകര്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി അദ്ധ്യക്ഷനെന്ന നിലയില്‍ പത്തനംതിട്ട സീറ്റില്‍ നിന്നും ശ്രീധരന് പിള്ള വിട്ടുനില്‍ക്കണെന്നും പകരം ഇവിടെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നുമാണ് ആവശ്യം. സ്ത്രീകള്‍ അടക്കമുള്ള വോട്ടര്‍മാര്‍ക്കിടയില്‍ പിള്ളയേക്കാള്‍ സുരേന്ദ്രനാണ് സ്വീകാര്യതയെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. സുരേന്ദ്രനെ ഒഴിവാക്കിയാല്‍ അത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്‍ തിരിച്ചടിയാകുമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
അതേസമയം, സംസ്ഥാനത്തെ ബി.ജെ.പിയുടെ ബൂത്ത് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 25ന് അവസാനിക്കും. പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായ ശേഷമാണ് ബൂത്ത് സമ്മേളനങ്ങള്‍ നടക്കുന്നത്. ചുവരുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഇനി വെളള പൂശി സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും എഴുതിയാല്‍ മതി. ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
