ഹോട്ടലില്‍ മേശ വൃത്തിയാക്കി, തറ തുടച്ചു, സാധാരണക്കാരിയില്‍ നിന്നും കേന്ദ്രമന്ത്രിയായി ഉയര്‍ന്ന സ്മൃതി ഇറാനിയുടെ ജീവിതം അറിയാം

എന്റെ ജീവിതം ദൈവത്തിന്റെ തിരക്കഥയാണെന്നു വിശ്വസിക്കാനാണ് ഇഷ്ടം. ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പെട്ടു. പത്താം ക്ലാസില്‍ പഠിക്കുമ്ബോല്‍ വീട്ടുചെലവിന് അച്ഛനെ സഹായിക്കാന്‍ ബ്യൂട്ടി പ്രോഡക്ടുകളുടെ മോഡലായി. ആദ്യം കിട്ടിയ പ്രതിഫലം 200 രൂപ! മൂന്നു പെണ്‍മക്കളില്‍ ഞാനായിരുന്നു മൂത്തത്. ടിവിയില്‍ അഭിനയിച്ചു തുടങ്ങുന്നതിനു മുമ്ബുള്ള നാളുകളില്‍ പല ജോലിയും ചെയ്തു. മുംബയ് ബാന്ദ്രയിലെ മക്‌ഡോണള്‍ഡ്സില്‍ മേശ വൃത്തിയാക്കി, തറ തുടച്ചു. ആ നാളുകളാണ് എന്നില്‍ ധീരതയും കരുത്തും ഉറപ്പിച്ചത്.

ഡല്‍ഹിയിലായിരുന്നു ജനനം 1976 മാര്‍ച്ച്‌ 23 ന്. അച്ഛന്‍ അജയ് കുമാര്‍ മല്‍ഹോത്ര പഞ്ചാബിയും, അമ്മ ശിബാനി ബാംഗാളിയും. ഇടത്തരം കുടുംബത്തിന്റെ പ്രാരബ്ധങ്ങളെല്ലാമുണ്ടായിരുന്നു, വീട്ടില്‍. പന്ത്രണ്ടാം ക്ലാസ് വരെ ഡല്‍ഹിയിലെ ഹോളി ചൈല്‍ഡ് ഓക്സിലിയം സ്‌കൂളില്‍. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ സ്‌കൂള്‍ ഒഫ് ഓപ്പണ്‍ ലേണിംഗില്‍ ബി.കോമിനു രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരു പാര്‍ട്ടേ പൂര്‍ത്തിയാക്കിയുള്ളൂ. (അതിനെച്ചൊല്ലായിരുന്നു വിവാദം. 2011 ല്‍ രാജ്യസഭയിലേക്കും 2014 ല്‍ ലോക്സഭയിലേക്കും മത്സരത്തിനുള്ള നാമനിര്‍ദ്ദേശപത്രികകളില്‍ ഞാന്‍ എഴുതിയതു സത്യമാണ്.)

പലതുമാകാന്‍ ആഗ്രഹിച്ച കൂട്ടത്തില്‍ പത്രപ്രവര്‍ത്തകയാകണമെന്നും തോന്നിയിട്ടുണ്ട്. പക്ഷേ, അഭിമുഖ പരീക്ഷയില്‍ തോറ്റു. അതു നന്നായെന്നു പിന്നെ തോന്നി. 1998 ല്‍ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ പോയത് അച്ഛന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപ കടംവാങ്ങിയാണ്. കിരീടമണിഞ്ഞാലും ഇല്ലെങ്കിലും കാശ് തിരിച്ചുകൊടുക്കുമെന്ന് ഞാന്‍ വാക്കുകൊടുത്തു. കിരീടം കിട്ടിയില്ലെങ്കിലും, കുറച്ചു വൈകി ആ വാക്കു പാലിച്ചു.

നിര്‍മ്മാതാവും സംവിധായികയുമായ ഏക്താ കപൂറിനെ പരിചയപ്പെട്ടത് ജീവിതത്തെ മാറ്റിമറിച്ചു. ഏക്ത നിര്‍മ്മിച്ച ഊ ലാലാ… പരമ്ബര ഹിറ്റായ കാലം. അവതാരക നീലം കോത്താരി. ഒരു എപ്പിസോഡില്‍ ഏക്ത എന്നെ അവതാരകയാക്കി. ആ പരമ്ബരയുടെ പേരു പോലെയായിരുന്നു, ടിവിയില്‍ എന്റെ പില്ക്കാലം. ഏകതയുടെ തന്നെ ക്യോം കി സാസ് ഭി കഭി ബഹു ഥി സൂപ്പര്‍ ഹിറ്റായി. ടിവി ബഹു എന്നൊക്കെ അന്ന് ആളുകള്‍ വിളിക്കുമായിരുന്നു. 2001 ല്‍ സീടിവി രാമായണത്തില്‍ സീതയായി. ഇടയ്ക്കു നാടകങ്ങള്‍, നാലഞ്ചു സിനിമകള്‍, ടിവി പരിപാടികളുടെ നിര്‍മ്മാണം…

ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു മുത്തച്ഛന്‍. അമ്മ ജനസംഘം അംഗവും. എന്റെ രാഷ്ട്രീയം തികച്ചും സ്വാഭാവികം. 2003 ല്‍ ബി.ജെ.പിയില്‍ ചേരുമ്ബോള്‍ 27 വയസ്സ്. ആദ്യ തിരഞ്ഞെടുപ്പു മത്സരവും ആദ്യ തോല്‍വിയും 2004ല്‍ ഡല്‍ഹി ചാന്ദ്നിചൗക്ക് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനോട്. പാര്‍ട്ടി പദവികള്‍ ഒന്നൊന്നായി വന്നു. കേന്ദ്ര കമ്മിറ്റി നിര്‍വാഹക സമിതി അംഗം, ദേശീയ സെക്രട്ടറി, മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ…

2011ല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭാംഗം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ യു.പിയിലെ അമേഠിയില്‍. രാഹുലിന്റെ ഭൂരിപക്ഷം ഒരുലക്ഷത്തിലൊതുക്കാനായി. തൊട്ടടുത്ത വര്‍ഷം പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ്. 2014ല്‍ നരേന്ദ്രമോദി മന്ത്രിസഭയില്‍ മാനവ വിഭവശേഷി മന്ത്രിയാകുമ്ബോള്‍ വയസ്സ് 38. ക്യാബിനറ്റിലെ ബേബി മിനിസ്റ്റര്‍. 2016 ജൂലായിലെ ക്യാബിനറ്റ് അഴിച്ചുപണിയില്‍ ടെക്സ്‌റ്റൈല്‍സ് മന്ത്രിയായി കസേരമാറ്റം. ആഗസ്റ്റില്‍ വീണ്ടും രാജ്യസഭാംഗം.

2001ല്‍, കളിക്കൂട്ടുകാരനായിരുന്ന സുബിന്‍ ഇറാനിയുമായുള്ള വിവാഹശേഷമാണ് സ്മൃതി മല്‍ഹോത്ര എന്ന പേര് പരിഷ്‌കരിച്ചത്. മക്കള്‍ സൊഹര്‍ ഇറാനിയും സോയിഷ് ഇറാനിയും, പിന്നെ സുബിന്റെ ആദ്യവിവാഹത്തിലെ മകള്‍ ഷാനെലും. ഇഷ്ട സാരിനിറം ഓറഞ്ച്.

Leave a Reply

Your email address will not be published. Required fields are marked *