അധികാരത്തിലെത്തിയാല്‍ എത്തിയാല്‍ രാജ്യത്തെ പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം നടത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ടി.എം തോമസ് ഐസക്. നാട്ടിലെ പാവങ്ങള്‍ക്ക് ഏതു രൂപത്തിലായാലും സഹായം നല്‍കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അപ്രായോഗികമായ വാഗ്ദാനങ്ങള്‍ നല്‍കി അവരെ വഞ്ചിക്കരുതെന്നും പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഉഡായിപ്പു തന്ത്രങ്ങളുമായി ഇറങ്ങുകയാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. വര്‍ഷം തോറും പാവങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ വീതം നല്‍കുമത്രേ. നാട്ടിലെ പാവങ്ങള്‍ക്ക് ഏതു രൂപത്തിലായാലും സഹായം നല്‍കുന്നത് സ്വാഗതാര്‍ഹമാണ്.എന്നാല്‍ അപ്രായോഗികമായ വാഗ്ദാനങ്ങള്‍ നല്‍കി അവരെ വഞ്ചിക്കരുത്. മോദിയുടെ പതിനഞ്ചു ലക്ഷം പോലൊരു തട്ടിപ്പാണ് പാവങ്ങള്‍ക്ക് വര്‍ഷം തോറും 72000 രൂപ സഹായധനം നല്‍കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം. 72000 രൂപ വിതരണം ചെയ്യുന്ന പദ്ധതിയുടെ ധനസ്രോതസ് ഏതാണ്? ലോകപ്രശസ്ത ധനതത്ത്വശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയെപ്പോലുള്ളവരുമായി ചര്‍ച്ച ചെയ്താണ് പദ്ധതിയ്ക്ക് രൂപ നല്‍കിയത് എന്നൊക്കെയാണ് രാഹുല്‍ ഗാന്ധിയുടെ അവകാശവാദം.
പിക്കറ്റിയെപ്പോലുള്ളവര്‍ സമ്ബന്നരില്‍ നിന്ന് വലിയതോതില്‍ നികുതി ഈടാക്കി ദരിദ്രര്‍ക്കു കൈമാറണം എന്ന വാദമാണ് മുന്നോട്ടു വെയ്ക്കുന്നത്. ഇത്തരത്തില്‍ സമ്ബന്നരുടെ മേല്‍ നികുതി ചുമത്താന്‍ കോണ്‍ഗ്രസ് തയ്യാറാണോ? സമ്ബന്നര്‍ ഉപയോഗിക്കുന്ന ആഡംബര വസ്തുക്കളുടെ മേല്‍ ശരാശരി ഉണ്ടായിരുന്ന 40 ശതമാനം നികുതി 28 ശതമാനം ആയി കുറച്ചത് ഇനിയും 18 ശതമാനമായി കുറയ്ക്കണമെന്നാണല്ലോ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് ഉണ്ടാക്കിയ ധനഉത്തരവാദിത്ത നിയമപ്രകാരം ധനക്കമ്മി 3 ശതമാനം അധികരിക്കാന്‍ പാടില്ല.
ആഗോള സാമ്ബത്തികക്കുഴപ്പത്തിന്റെ കാലത്തെ ധനക്കമ്മിയിലേയ്ക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുപോയാല്‍ ഉണ്ടാകാവുന്ന സാമ്ബത്തിക പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ? 2016-17ലെ കേന്ദ്ര ഇക്കണോമിക് സര്‍വെയില്‍ കേന്ദ്ര സാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം സാര്‍വത്രിക അടിസ്ഥാന വരുമാന ഉറപ്പു പദ്ധതിയെക്കുറിച്ച് പ്രത്യേക അധ്യായം തന്നെ എഴുതിയിട്ടുണ്ട്. എന്നാല്‍ സാമ്ബത്തിക പ്രശ്നങ്ങളില്‍ത്തട്ടി അതു നടപ്പായില്ല. ഈ പദ്ധതിയുടെ അവസാന പരിണാമരൂപമാണ് മോദി പ്രഖ്യാപിച്ച കൃഷിക്കാര്‍ക്കുള്ള 6000 രൂപ സഹായം. എന്നാല്‍ ഇതുപോലും നടപ്പിലാക്കാനുള്ള സാമ്ബത്തികസ്ഥിതിയിലല്ല കേന്ദ്രസര്‍ക്കാര്‍.
അതുകൊണ്ട് രണ്ടോ മൂന്നോ കോടി ആളുകള്‍ക്ക് രണ്ടായിരം രൂപ വെച്ച് വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ തടി കഴിച്ചിലാക്കി. ഇതുപോലൊന്നല്ല കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന പദ്ധതിയെന്ന് രാജ്യത്തെ ജനങ്ങളെ ധരിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിയ്ക്കുണ്ട്. അടിസ്ഥാന വരുമാന ഉറപ്പു പദ്ധതിയുടെ ആദര്‍ശം ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിന് അടിസ്ഥാന വരുമാനം ഉറപ്പു നല്‍കിയാല്‍ മതി, പ്രത്യേക സ്കീമുകള്‍ ആവശ്യമില്ല എന്നാണ്. ദരിദ്രര്‍ അവരുടെ വരുമാനം ഏറ്റവും ഉചിതമായി ചെലവഴിച്ച് ദാരിദ്ര്യത്തില്‍ നിന്ന് കരകയറുമെന്നാണ്. ഇത്തരത്തില്‍ നിലവിലുള്ള ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികള്‍ക്കു പകരമാണോ പുതിയ സ്കീം എന്നാണ് ചോദ്യം.
ഇനി, വര്‍ഷം 72000 രൂപ വരുമാനമില്ലാത്തവരെ എങ്ങനെ കണ്ടെത്തും? അതിനാവശ്യമായ ഡാറ്റാബേസ് എവിടെയുണ്ട്? 72000 രൂപ തികയുന്നില്ലെങ്കില്‍ വിടവു നികത്തുമെന്നാണ് വാഗ്ദാനം. ഈക്കൂട്ടരെയും എങ്ങനെ കണ്ടെത്തും. സര്‍വെ നടത്തി കണ്ടെത്താമെന്നു വെച്ചാല്‍ അതിനെത്ര കാലമെടുക്കും? ഈ സാഹചര്യത്തിലാണ് ദാരിദ്യ നിര്‍മ്മാര്‍ജനത്തില്‍ കേരളം തെരഞ്ഞെടുത്ത പദ്ധതി അഭികാമ്യമാകുന്നത്. ഭൂപരിഷ്കരണം, വേതന വര്‍ദ്ധന, സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും കുടുംബശ്രീ തുടങ്ങിയ സ്കീമുകള്‍ എന്നിവയൊക്കെ ചേര്‍ന്നപ്പോഴാണ് ഒക്കെച്ചേര്‍ന്നപ്പോഴാണ് കേരളം ഇന്ത്യയില്‍ ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനമായി മാറിയത്. ഈ മാതൃക പിന്‍പറ്റാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തയ്യാറുണ്ടോ? നിലവിലുള്ള സ്കീമുകള്‍ റദ്ദാക്കുന്നില്ലെങ്കില്‍ 72000 രൂപ വിതരണം ചെയ്യുന്ന പദ്ധതിയ്ക്കാവശ്യമായ 5.3 ലക്ഷം കോടി രൂപ പ്രത്യേകമായി കണ്ടെത്തിയേ തീരൂ. ഇതെവിടെ നിന്നു കണ്ടെത്തും? ഉത്തരം പറയേണ്ടത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ്.
