രാഹുലിനെ കെട്ടിയിറക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബുദ്ധിയില്ല, ബി.ജെ.പിക്ക് 200 സീറ്റ് ലഭിക്കുമെന്നും പന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ‘രാഹുല്‍ഗാന്ധിയെ ഞങ്ങളെന്തിന് ഭയക്കണം, എല്‍.ഡി.എഫിന് രാഹുലിനെ ഒട്ടും ഭയമില്ല, കോണ്‍ഗ്രസിന് അവരുടെ നേതാവിനെ സ്വന്തം മണ്ഡലത്തില്‍ ജയിപ്പിക്കാന്‍ ആത്മവിശ്വാസമില്ല എന്ന സന്ദേശമാണ് വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് നല്‍കുന്നത്’- സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്ര് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയുടെ ബലത്തില്‍ ജയിച്ചു കയറേണ്ട ഗതികേട് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കുന്ന പ്രത്യാഘാതമെന്തെന്ന് അവര്‍ ചിന്തിക്കേണ്ട കാര്യമാണ്. ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തില്‍ നിന്ന് ഇടതുപക്ഷത്തെ തോല്പിച്ച്‌ പാര്‍ലമെന്റില്‍ എത്തണമെന്ന നിര്‍ബന്ധ ബുദ്ധിയോടെയുള്ള രാഹുല്‍ഗാന്ധിയുടെ ശ്രമത്തിന്റെ അ‌ര്‍ത്ഥമെന്താണ്? കോണ്‍ഗ്രസിന് ഒറ്രയ്ക്ക് ജയിച്ച്‌ പാര്‍ലമെന്റില്‍ എത്തണം. അതൊരിക്കലും നടക്കില്ല. രാഹുല്‍ വരുന്നത് ഇടതുപക്ഷത്തിന് നല്ലതാണ്. രാഹുല്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ എല്ലാ രാഷ്ട്രീയ സമീപനങ്ങളും ജനങ്ങള്‍ക്ക് മനസിലാകും. പന്ന്യന്‍ രവീന്ദ്രന്‍ ‘ഫ്ളാഷി’നോട് സംസാരിക്കുന്നു:

തെറ്റായ സന്ദേശം

അമേതിയില്‍ പരാജയ ഭീതിമൂലം രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നതാണെന്ന പ്രചാരണത്തിന്റെ നേട്ടം ദേശീയ തലത്തില്‍ ബി.ജെ.പിക്കാണ് ലഭിക്കുക. മതനിരപേക്ഷത സംരക്ഷിക്കേണ്ട കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ മതനിരപേക്ഷത പാലിക്കുന്ന ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തില്‍ വന്ന് മത്സരിക്കുന്നത് തെറ്രായ സന്ദേശമാണ് നല്‍കുക.

കേരളത്തില്‍ 15 സീറ്ര്

കേരളത്തില്‍ എല്‍.‌ഡി.എഫിന് പതിനഞ്ച് സീറ്ര് കിട്ടും. നിയമസഭാ തിര‌ഞ്ഞെടുപ്പുകള്‍ക്ക് ശേഷവും ചെറുകക്ഷികള്‍ മുഴുവനായും ഭാഗികമായും ഇടതുമുന്നണിയിലേക്ക് വരികയാണ്. എല്‍.ഡി.എഫിനെ തോല്പിക്കാന്‍ രാഹുലിനെ കെട്ടിയിറക്കേണ്ടിവരുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ അല്പജ്ഞാനികളാണ്. ഇടതുപക്ഷത്തെ തോല്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ കൊണ്ടുവരേണ്ടിവന്നു എന്നല്ലേ ഇത് തെളിയിക്കുന്നത്. ബി.ജെ.പിയുമായി കോണ്‍ഗ്രസ് നേരിട്ട് പോരാടുന്ന സംസ്ഥാനങ്ങളില്‍ രാഹുലിനെ മത്സരിപ്പിക്കാമായിരുന്നല്ലോ.

ബി.ജെ.പിക്ക് 200, കോണ്‍ഗ്രസിന് 150

ഇനി ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് മത്സരിച്ച്‌ ജയിച്ച്‌ അധികാരം പിടിക്കാനാകില്ല. ഐക്യമുന്നണികള്‍ക്ക് മാത്രമേ ഇനി രാജ്യം ഭരിക്കാന്‍ കഴിയൂ. ബി.ജെ.പി ക്ക് 200 സീറ്രേ കിട്ടൂ. കോണ്‍ഗ്രസിന് പരമാവധി 150 സീറ്റും. ബി.ജെ.പിയെ ഒഴിവാക്കി പ്രാദേശിക കക്ഷികളുടെ പങ്കാളിത്തത്തോടെയുള്ള സര്‍ക്കാരേ ഇന്ത്യയില്‍ അധികാരത്തില്‍ വരൂ. ഇതില്‍ ആരൊക്കെ വേണമെന്ന് തിരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കാന്‍ കഴിയൂ. കോണ്‍ഗ്രസ് അതില്‍ ഉണ്ടാകുമെന്നോ പാടില്ലെന്നോ ഇപ്പോള്‍ പറയാന്‍ കഴിയില്ല. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരായിരിക്കും രൂപീകരിക്കുക. ബി.ജെ.പി തോല്‍ക്കണം എന്ന കാര്യത്തില്‍ രാജ്യത്ത് പൊതുമനസ് ആണുള്ളത്. ബി.ജെ.പി വീണ്ടും അധികാരത്തിലേറുകയാണെങ്കില്‍ രാജ്യത്ത് പിന്നെ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല. ഇത് വലിയ ഭീഷണിയാണ്. ബി.ജെ.പി നേതാവായ സാക്ഷി മഹാരാജ് തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *