ഒരു കഥയില്‍ നിന്നാണ് സി.പി.ഐ നേതാവ് ബിനോയ് വിശ്വം തിരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. ’’വടക്കേപ്പറമ്ബില്‍ ഒരു പാമ്ബിനെ കണ്ടുവെന്ന് ഒരാള്‍ പറഞ്ഞു. ഉഗ്രവിഷമുള്ളതാണെന്നും മുന്നില്‍പ്പെട്ടാല്‍ അപകടം ഉറപ്പാണെന്നും സൂചന നല്കി. കേട്ട് നിന്നൊരാള്‍ പൊടുന്നനെ വടിയുമായി തെക്കേപ്പറമ്ബിലേക്ക് ഒറ്റ ഓട്ടം. മുന്നും പിന്നും നോക്കാതെ നിലത്ത് അടി തുടങ്ങി. ഇത് കണ്ട് വേറൊരാള് ചോദിച്ചു. നിങ്ങള്‍ എന്താ ചെയ്യുന്നേ? പാമ്ബിനെ കൊല്ലുകയാണെന്ന് മറുപടി. എന്നിട്ട് പാമ്ബ് എവിടെ? പാമ്ബ് ഇവിടെയില്ല, വടക്കേപ്പറമ്ബിലാണ്..’’ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ചാണ് ഈ കഥ. ഇടതുപക്ഷ നിലപാടും നിലവിലെ രാഷ്ട്രീയ സാഹചര്യവും കഥയ്ക്ക് പിന്നാലെയത്തി. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം എം.പി ’ഫ്ളാഷു’മായി സംസാരിക്കുന്നു.
കോണ്‍ഗ്രസ് രാഹുലിനെ പറ്റിച്ചു
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളുടെ ഫലമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായത്. ഉമ്മന്‍ ചാണ്ടിയടക്കമുള്ള ഗ്രൂപ്പ് നേതാക്കളുടെ ബുദ്ധിയാണിത്. പ്രചാരണത്തിന് കൂടുതല്‍ പണം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഇവിടെ എത്തിക്കുക മാത്രമാണ് സംസ്ഥാന ഘടകത്തിന്റെ ലക്ഷ്യം. ഇതിന് വിജയമുറപ്പുള്ള മണ്ഡലമായി വയനാടിനെ കാട്ടി ഇക്കൂട്ടര്‍ രാഹുലിനെ പറ്റിക്കുകയായിരുന്നു. 2009ല്‍ കോണ്‍ഗ്രസിന് ഒന്നരലക്ഷം അടുത്തായിരുന്നു അവിടെ ഭൂരിപക്ഷം. അന്ന് കേന്ദ്രത്തിലും കേരളത്തിലും വയനാട്ടിലും കോണ്‍ഗ്രസായിരുന്നു. കഴിഞ്ഞ വര്‍ഷം ഭൂരിപക്ഷം 20,000 ആയി കുറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തരിപ്പണമായി. രാഹുലിന്റെ വരവോടെ വയനാട്ടില്‍ ഇടതുപക്ഷം കൂടുതല്‍ ശക്തമായി. പ്രചാരണങ്ങള്‍ പതിവിലും വേഗത്തിലാണ്.
തെക്കേ ഇന്ത്യയിലെ ബി.ജെ.പി ആക്രമണത്തെ ചെറുക്കാനാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം എന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ ബി.ജെ.പി അക്രമങ്ങളുടെ പ്രധാന സൂചിക വടക്കന്‍ സംസ്ഥാനങ്ങളാണ്. ബി.ജെ.പിക്ക് വേരുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്ണാടകത്തില്പോലും മത്സരിക്കാന്‍ രാഹുല്‍ തയ്യാറാകുന്നില്ല. രാഹുലിന്റെ അനുഭവത്തേക്കാള്‍ രണ്ടിരട്ടി അനുഭവം സി.പി.ഐ സ്ഥാനാര്‍ത്ഥി സുനീറിനുണ്ട്. വയനാട്ടില്‍ ഇടതുപക്ഷം വിജയിക്കും.
കേരളത്തില്‍ ഇടത് കാറ്റ്
തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റാണ്. വരും ദിനങ്ങളില്‍ ഈ കാറ്റിനെ കൊടുങ്കാറ്റാക്കി മാറ്റാനാണ് എല്‍.ഡി.എഫ് ശ്രമിക്കുക. സംഘടനയുടെ കാഴ്ചപ്പാടും പ്രവര്‍ത്തനങ്ങളുമാണ് അതിനുള്ള ബലം. എല്‍.ഡി.എഫ് അനുകൂല സാഹചര്യം തടയാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. എന്നാല്‍ ഇത് വിലപ്പോവില്ല.
ഇടത് പ്രതിനിധികള്‍ പോവില്ല
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വരുന്നത് തൂക്ക് മന്ത്രിസഭയായിരിക്കും. ഭരണം ഉറപ്പിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെ ശ്രമിക്കും. എന്നാല്‍, ബി.ജെ.പി പണമെറിഞ്ഞാല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എം.പിമാര്‍ ബി.ജെ.പിയിലേക്ക് കൂടുമാറില്ലെന്ന് രാഹുല്‍ ഗാന്ധിക്ക് പോലും ഉറപ്പില്ല. എന്നാല്‍, ലോക്സഭയിലെത്തുന്ന ഇടത്പ്രതിനിധികള് ലോകത്തെ മൊത്തം പണം കൊണ്ടുവച്ചാലും ബി.ജെ.പിക്ക് അനുകൂലമായി നില്‍ക്കില്ലെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
ഐക്യം തകര്‍ക്കപ്പെടും
ഒരു വട്ടം കൂടി മോദിയെന്നാണ് ബി.ജെ.പിയുടെ പുതിയ മുദ്രാവാക്യം. എന്നാല്‍, ഒരു വട്ടം കൂടി മോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ ഐക്യം തകര്‍ക്കപ്പെടും. ഇപ്പോള്‍തന്നെ അവര്‍ ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ഇനിയൊരു തിരഞ്ഞെടുപ്പ് തന്നെ ഉണ്ടാകുമോയെന്ന് സംശയമാണ്. ബി.ജെ.പി എം.പിമാര്‍തന്നെ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മനുസ്മൃതി നടപ്പിലാവണമെന്നാണ് അവരുടെ ആഗ്രഹം. പൊള്ളയായ വാഗ്ദാനങ്ങള്‍ നിറഞ്ഞതാണ് ബി.ജെ.പിയുടെ പ്രകടന പത്രിക. അമ്ബിളി മാമനെ പിടിച്ച് തരാമെന്നുവരെ പറഞ്ഞുകളയും. പോയ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക നോക്കിയാല്‍ മനസിലാകും നടപ്പാക്കിയ പദ്ധതികള്‍ ഒന്നുമില്ല.
