അധികാരത്തിലെത്തിയാല്‍ പണം നല്‍കുമെന്ന് ബിജെപി പറഞ്ഞിട്ടില്ല; രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കാമെന്ന് ബിജെപി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. 15 ലക്ഷം നല്‍കുമെന്നത് ബിജെപിയുടെ വാഗ്ദാനമായിരുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിങ്.

2014-ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കള്ളപ്പണ വിഷയം ബിജെപി പ്രധാനമായും ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ട്ടിയുടെ പ്രകടനപത്രികയിലോ നേതാക്കളുടെ പ്രസംഗങ്ങളിലോ കള്ളപ്പണം സംബന്ധിച്ച്‌ കാര്യമായ അവകാശവാദങ്ങളില്ല.

പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും നടത്തുന്ന റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്നും, ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമടക്കമുള്ള ഏജന്‍സികള്‍ സ്വയം ഭരണാധികാരമുള്ളവരാണ്, അവര്‍ അവരുടേതായ രീതിയില്‍ സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

റെയ്ഡുകള്‍ക്ക് സര്‍ക്കാരാണ് ഉത്തരവാദി എന്ന് പറയുന്നത് തെറ്റാണ്. ഏജന്‍സികള്‍ അവര്‍ക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നത്. തെരഞ്ഞെടുപ്പില്‍ അനധികൃത പണം ഉപയോഗിക്കുന്നത് തടയാന്‍ ഈ ഏജന്‍സികള്‍ക്ക് അവകാശമുണ്ടെന്നും രാജ്നാഥ് സിങ് അഭിമുഖത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *