കോഴിക്കോട്: നീലേശ്വരം സ്കൂളില്‍ അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അന്വേഷണം ഫലപ്രദമല്ലെങ്കില്‍ കേസ് പൊലീസിന് കൈമാറുമെന്നും മന്ത്രി .
സംഭവത്തില്‍ ഒരു അധ്യാപകന്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് നിഗമനം. വിജയശതമാനം കൂട്ടാന്‍ ഒരു സമ്മര്‍ദ്ദവും സ്കൂളുകള്‍ക്ക് മേലിലില്ലെന്നും അധ്യാപകന്‍ ഇങ്ങനെ ചെയ്തത് എന്തിനെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ലെന്നും സി രവീന്ദ്രനാഥ് പ്രതികരിച്ചു. അതേസമയം, സംഭവത്തില്‍ അധ്യാപകന്‍റെ വാദങ്ങള്‍ പൊളിയുകയാണ്. പഠനവൈകല്യമുള്ള കുട്ടികളെ സഹായിച്ചതാണെന്ന അധ്യാപകന്‍റെ വാദം വിദ്യാര്‍ത്ഥിയും തള്ളി. പഠന വൈകല്യം ഉള്ളത് കൊണ്ട് സഹായിച്ചു എന്ന വാദം തെറ്റാണെന്നും തനിക്ക് പകരം അധ്യാപകന്‍ പരീക്ഷ എഴുതിയ വിവരം അറിഞ്ഞില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇത്തവണ നന്നായി പരീക്ഷ എഴുതിയിരുന്നുവെന്നും പരീക്ഷ ഫലം തടഞ്ഞു വെച്ചതില്‍ വിഷമം ഉണ്ടെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു,
പഠനവൈകല്യമുള്ള കുട്ടികളെ സഹായിക്കുകയായിരുന്നുവെന്ന വാദം കളവാണെന്ന് സ്കൂളില്‍ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയും ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന പരാതി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ തിങ്കളാഴ്ച ഡിജിപിക്ക് കൈമാറും. പഠനവൈകല്യമുള്ള കുട്ടികളെ സഹായിച്ചുവെന്നാണ് സസ്പെന്‍ഷനിലായ നീലേശ്വരം സ്കൂളിലെ അധ്യാപകന്‍റെ വാദം. എന്നാല്‍ ഈ വാദം കളവാണെന്ന് ഇതേ സ്കൂളില്‍, ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ക്രമക്കേട് കണ്ടെത്തിയ ശേഷം ഹയര്‍ സെക്കന്‍ഡറി വകുപ്പ് നടത്തിയ തെളിവെടുപ്പില്‍ അധ്യാപകന്‍ കുറ്റം സമ്മതിച്ചിരുന്നു. അന്ന് രേഖാമൂലം നല്‍കിയ മൊഴിയില്‍ പഠനവൈകല്യത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. ഇനി നടക്കാനുള്ള വകുപ്പ്തല അന്വേഷണത്തിലും പൊലീസ് അന്വേഷണത്തിലും കുട്ടികളെ സഹായിച്ചുവെന്ന വാദം ഉയര്‍ത്തുകയാണ് അധ്യാപകന്‍റെ ലക്ഷ്യം.
എന്നാല്‍, പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് പകരമായി പരീക്ഷയെഴുതണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക അനുമതി ആവശ്യമാണ്. അത് അധ്യാപകര്‍ക്ക് എഴുതാനും കഴിയില്ല. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപികയടക്കം മൂന്ന് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. നാല് കുട്ടികള്‍ക്ക് വേണ്ടി ആളുമാറി പരീക്ഷയെഴുതുകയും 32 ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തതില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കരുതുന്നു. എവിടെ വച്ച് ഉത്തരക്കടലാസുകള്‍ തിരുത്തി, പണം വാങ്ങി തിരുത്തിയതാണോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന പരാതിയാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപി കൈമാറുക.
