മുംബൈ: എന്‍സിപി-കോണ്‍ഗ്രസ് ലയന വാര്‍ത്തകള്‍ തള്ളി എന്‍സിപി വക്താവ് നവാബ് മാലിക്. ശരത് പവാര്‍- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ ലയനം ചര്‍ച്ച ചെയ്തിട്ടില്ല. രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം ഇനിയും തുടരുമെങ്കിലും
മറ്റ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നവാബ് മാലിക് പറഞ്ഞു.
എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ തളളിക്കൊണ്ട് ശരത്പവാറും രംഗത്തെത്തിയിരുന്നു. മഹാരാഷട്രയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും സംസ്ഥാനത്തെ കടുത്ത വരള്‍ച്ചയെക്കുറിച്ചുമാണ് രാഹുലുമായി ചര്‍ച്ച നടത്തിയതെന്നായിരുന്നു പവാറിന്‍റെ വിശദീകരണം
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകവെയാണ് രാഹുല്‍ ശരദ് പവാറിന്‍റെ ദില്ലിയിലെ വീട്ടിലെത്തി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത്.
ഇതോടെയാണ് കോണ്‍ഗ്രസും എന്‍സിപിയും ലയിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നത്. എന്‍സിപി ലയിച്ചാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാം.
എന്‍സിപി- കോണ്‍ഗ്രസ് ലയനമായിരുന്നു കൂടിക്കാഴ്ചയിലെ മുഖ്യഅജന്‍ഡയെന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ശരത് പവാര്‍ രാഹുലിനോട് ആവശ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1999-ല്‍ സോണിയാഗാന്ധിയുടെ വിദേശ പൗരത്വം വിഷയമാക്കിയാണ് ശരത് പവാര്‍, പി എ സാങ്മ, താരീഖ് അന്‍വര്‍ എന്നീ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത്. ഇവര്‍ പിന്നീട് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ആദ്യം കോണ്‍ഗ്രസുമായി അകന്ന് നിന്നെങ്കിലും പിന്നീട് എന്‍സിപി, യുപിഎയുടെ നിര്‍ണായക ഭാഗമാകുകയായിരുന്നു.
