സ്വാശ്രയ ഫീസ്: മാനേജ്മെന്റുകള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച പുതിയ സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ ആക്ഷേപമുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. ഹൈക്കോടതി തീരുമാനത്തിനുശേഷം ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം.

ഇടക്കാല സംവിധാനമായി കഴിഞ്ഞവര്‍ഷം കോടതി അനുവദിച്ച താല്‍ക്കാലിക ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്ന് മാനേജ‌്മെന്റുകള്‍ ആവശ്യപ്പെട്ടു. പുതിയ ഫീസ് നിശ്ചയിച്ചതില്‍ പരാതിയുണ്ടെങ്കില്‍ ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. തുടര്‍ന്ന് പുതിയ ഫീസിനെതിരെ നല്‍കിയ ഹര്‍ജി മാനേജ്മെന്റുകള്‍ പിന്‍വലിച്ചു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി പുതിയ ഫീസ് നിശ്ചയിച്ചതെന്നും ഇത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ‌് കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ‌് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചത‌്. എന്‍ആര്‍ഐ ക്വോട്ടയില്‍ ഫീസ് 25 ലക്ഷവും ബാക്കി സീറ്റുകളില്‍ 11 ലക്ഷവുമാക്കണമെന്നും അതുവരെ അലോട്ട്മെന്റ‌് തടയണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, ജൂലൈ ആറിന് 19 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 85 ശതമാനം സീറ്റില്‍ 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം രൂപവരെയും 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷവും ഫീസ‌് പുതുക്കി നിശ്ചയിച്ച്‌ ജസ്റ്റിസ് രാജേന്ദ്രബാബു സമിതി ഉത്തരവിറക്കി. 2017–18ല്‍ നിശ്ചയിച്ച ഫീസ് അടിസ്ഥാനമാക്കി എല്ലാ കോളേജുകള്‍ക്കും പത്തുശതമാനം വര്‍ധനയാണ് അനുവദിച്ചത്. കഴിഞ്ഞവര്‍ഷം ആറുലക്ഷം ബാങ്ക് ഗ്യാരന്റി ഉള്‍പ്പെടെ 11 ലക്ഷം ഈടാക്കാന്‍ മാനേജ്മെന്റുകള്‍ക്ക‌് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *