മരടിലെ ഫ്‌ളാറ്റു വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ വേണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം : നവോത്ഥാനം എന്ന മഹത്തായ ആശയത്തെ എങ്ങനെ വികൃതമാക്കാം എന്ന് മുഖ്യമന്ത്രി ചിന്തിച്ചതിന്റെ അനന്തര ഫലമാണ് നവോത്ഥാന സംരക്ഷണ സമിതിയില്‍ ഇപ്പോഴുണ്ടായ സംഭവ വികാസങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വിശ്വാസ സമൂഹത്തെ നേരിടാന്‍ മുഖ്യമന്ത്രി തട്ടിക്കൂട്ടിയുണ്ടാക്കിയ ഏര്‍പ്പാടാണ് നവോത്ഥാന സംരക്ഷണ സമിതിയെന്ന് യു ഡി എഫ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ അത് ശരിയായി വന്നിരിക്കുകയാണ്. ഒരു വിഭാഗത്തെ മാത്രം മുന്നില്‍ നിര്‍ത്തി നവോത്ഥാനം നടപ്പാക്കാന്‍ കഴിയില്ലന്ന് ക്രൈസ്തവ മുസ്ളീം സമുദായത്തിലെ പുരോഗമന ചിന്താഗതിക്കാരെ നവോത്ഥാന സമിതിയില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ തന്നെ യു ഡി എഫ് പറഞ്ഞതാണ്.

കാലോചിതമായ ആലോചനയോടെ നടപ്പിലാക്കിയ ഒന്നായിരുന്നില്ല ഈ നവോത്ഥാന സമതിയെന്ന് ഇപ്പോള്‍ അതില്‍ രൂപപ്പെട്ടുവരുന്ന ഭിന്നതകള്‍ സൂചിപ്പിക്കുന്നതായും രമേശ് ചെന്നിത്തല വ്യക്തമാക്കി. വിശ്വാസ സമൂഹത്തെ വഞ്ചിച്ച്‌ കൊണ്ട് മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തിയ പ്രവര്‍ത്തനത്തെ കേരളീയ സമൂഹം തള്ളിക്കളഞ്ഞിരിക്കുകയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സുപ്രിം കോടതി പൊളിക്കണം എന്ന് പറഞ്ഞ മരടിലെ ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരെ താന്‍ ശനിയാഴ്ച സന്ദര്‍ശിക്കുന്നുണ്ട്. ചെയ്യാത്ത തെറ്റിനാണ് ആ ഫ്ളാറ്റുകളിലെ താമസക്കാര്‍ ഇരയായിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ ഇടപെടല്‍ നടത്തണം. ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഇവര്‍ ഫ്ളാറ്റുകള്‍ വാങ്ങിയത്. മാനുഷികമായ പരിഗണനയോടെ വേണം ഇക്കാര്യത്തെ സമീപിക്കേണ്ടത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തിരുമാനത്തിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണ രമേശ് ചെന്നിത്തല ഉറപ്പ് നല്‍കി. ഡി എല്‍ എഫിന്റെ കാര്യത്തില്‍ പിഴയടച്ച്‌ മറ്റു നടപടികള്‍ കോടതി ഒഴിവാക്കിയത് ഇവിടെയും പരിഗണിക്കമായിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായി എന്ത് ചെയ്യാന്‍ പറ്റുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമ വൃത്തങ്ങളുമായി ആലോചിക്കണം. ഫ്ളാറ്റുകള്‍ പൊളിക്കുന്നത് ഉണ്ടാക്കുന്ന വലിയ പാരിസ്ഥിതിക പ്രശ്നങ്ങളും കണക്കിലെടുക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ പി എസ് സി പരീക്ഷയഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി എസ് സി ഓഫീസിനുമുള്ളില്‍ സാംസ്‌കാരിക നായകര്‍ നടത്തുന്ന സമരം ഒത്ത് തീര്‍പ്പാക്കണമെന്നും പ്രതിപതി മുഖ്യമന്ത്രി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ പി എസ് സി ചെയര്‍മാന്റെ ഭാഗത്ത് നിന്ന് അനൂകൂലമല്ലാത്ത നിലപാടാണ് ഉണ്ടായിരിക്കുന്നതെന്ന് മാധ്യമങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞു.

മലയാള ഭാഷയോട് ഇത്തരത്തില്‍ ഒരവഗണന സംസ്ഥാനത്തുണ്ടാകാന്‍ പാടില്ലന്നും, മലയാളത്തില്‍ ഉത്തരമെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിനുള്ള അവസരം ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *