തീവ്രവാദികള്‍ക്ക് സാമ്ബത്തിക സഹായവും ആയുധങ്ങളും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം- യു.എന്നില്‍ മോദി

ന്യൂയോര്‍ക്ക്: ആന്താരാഷ്ട്ര വേദികളില്‍ പാകിസ്താനെ പിന്തുണയ്ക്കുന്നതിന് ചൈനയെ പരോക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദികള്‍ക്ക് ഒരിക്കലും പണവും ആയുധവും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന തീവ്രവാദവുമായി ബന്ധപ്പെട്ട ലോക നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളെ ലോകം ഒരുമിച്ച്‌ നേരിടുന്നതുപോലെ തീവ്രവാദത്തെയും ഒരുമിച്ച്‌ എതിര്‍ക്കാന്‍ തയ്യാറാവണമെന്ന് മോദി പറഞ്ഞു. ഇതിനായി യുഎന്‍, എഫ്.എ.ടി.എഫ് തുടങ്ങിയ സംവിധാനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. തീവ്രവാദികള്‍ക്ക് പണവും ആയുധങ്ങളും ലഭിക്കാന്‍ അനുവദിക്കരുതെന്നും മോദി പറഞ്ഞു.

ലോകത്ത് എവിടെ നടക്കുന്നതായാലും, ഏതു തരത്തിലുള്ളതായാലും തീവ്രവാദത്തെ തീവ്രവാദമായി തന്നെ കാണണം. ഇന്ത്യയെ സംബന്ധിച്ച്‌ തീവ്രവാദവാദത്തിനെതിരായ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍, വൈവിധ്യങ്ങള്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നിവയാണെന്നും മോദി ചൂണ്ടിക്കാട്ടി.

തീവ്രവാദത്തെ കൂടുതല്‍ ഫലപ്രദമായി നേരിടുന്നതിന് രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണവും വിവരങ്ങളുടെ കൈമാറ്റവും കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *