പത്തു വയസുകാരന്റെ മരണം; ദുര്‍മന്ത്രവാദിനിയെ പൊലീസ് അറസ്റ്റ് ചെയ്തു

നകഷിപ്പര: പശ്ചിമ ബംഗാളില്‍ ദുര്‍മന്ത്രവാദത്തിനു വിധേയനാക്കിയ പത്തു വയസുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ ദുര്‍മന്ത്രവാദം നടത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്തു.

കാന്തല്‍ഭേരിയ സ്വദേശിയായ അല്‍പന ബീബി എന്ന സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്. ജന്‍ നബി ഷെയ്ക് എന്ന ബാലനാണു മരണപ്പെട്ടത്. നബിയുടെ സഹോദരന്‍ ആറു വയസുകാരന്‍ ജഹാംഗിര്‍ ഷെയ്കും ദുര്‍മന്ത്രവാദത്തിനു വിധേയനായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നബിയുടെ മാതാവ് അര്‍ഫിന ബീബിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തത്.
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം 22-ന് അര്‍ഫിന ബീബിയും ഭര്‍ത്താവ് ഹലാദര്‍ ഷെയ്കും ചേര്‍ന്നാണു കുട്ടികളെ ദുര്‍മന്ത്രവാദിനിയായ അല്‍പന ബീബീയുടെ അടുത്ത് എത്തിച്ചത്. ചികിത്സ തേടിയായിരുന്നു ഇവരുടെ സന്ദര്‍ശനം. ഇതിനു ശേഷം മാതാപിതാക്കള്‍ മടങ്ങി. മൂന്നു ദിവസത്തിനുശേഷം അര്‍ഫിന ബീബി കുട്ടികളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ കുട്ടിയുടെ പുറത്തു തിളച്ച എണ്ണ, നെയ്യ്, മുളകുപൊടി എന്നി പ്രയോഗിച്ചതിന്റെ പാടുകള്‍ കണ്ടിരുന്നു.

ഇതേതുടര്‍ന്നു മാതാവ് കുട്ടികളെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, കുട്ടികളെ വിട്ടുനല്‍കാന്‍ 10,500 രൂപ വേണമെന്നാണ് അല്‍പന ബീബി ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നു പണം സംഘടിപ്പിക്കുന്നതിനായി മാതാവ് വീട്ടിലേക്കു പോയി. തിരിച്ചെത്തിയപ്പോള്‍ അല്‍പന ബീബി കുട്ടിയുടെ മൃതദേഹമാണു മാതാവിനു നല്‍കിയത്. കുട്ടി മരിച്ച വിവരം പുറത്തുപറയാതിരിക്കാന്‍ ഇവര്‍ 4000 രൂപ വാഗ്ദാനം ചെയ്‌തെന്നും മാതാവ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *