തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എന്‍.എ) പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ വകമാറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. യു.എന്‍.എയുടെ പേരിലുള്ള നാല് അക്കൗണ്ടുകളില്‍ നിന്നായി ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഭാര്യ ഷംനയുടെ പേരിലുളള അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങളുടെ ഇടപാട് നടത്തിയെന്ന് കണ്ടെത്തി. 2017 മുതല്‍ 2019 മാര്‍ച്ചുവരെ വകമാറ്റിയ പണം ഉപയോഗിച്ച് ഷംനയുടെ പേരില്‍ ഇന്നോവയും സ്വിഫ്റ്റ് കാറും തൃശൂരില്‍ അരക്കോടിയിലേറെ രൂപ വിലയുള്ള ഫ്ലാറ്റും സ്വന്തമാക്കിയതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. 55 ലക്ഷം രൂപാ വിലയുള്ള ഫ്ലാറ്റിന്റെ ഇടപാടിനായി പത്ത് ലക്ഷം രൂപയാണ് അക്കൗണ്ടില്‍ നിന്ന് ചെലവഴിച്ചത്. ബാക്കി 45 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തതായുളള രേഖകളും കണ്ടെത്തി. ബാങ്ക് വായ്പകള്‍ ഷംന മുടക്കംവരുത്താതെ അടച്ചിരുന്നെങ്കിലും കേസില്‍ ഇവരെ കൂടി പ്രതിചേര്‍ക്കുകയും ബാങ്ക് ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്തതോടെ തിരിച്ചടവ് മുടങ്ങിയിട്ടുണ്ട്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പേരില്‍ നാല് ബാങ്കുകളിലായുള്ള ആറ് അക്കൗണ്ടുകള്‍ അന്വേഷണസംഘം മരവിപ്പിച്ചു. നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ നിന്ന് ഷംനയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതായി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷംനയേയും കേസില്‍ പ്രതിചേര്‍ത്തത്. ഒന്നാംപ്രതി ജാസ്മിന്‍ ഷായെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍ മോഹന്‍, ഓഫീസ് ജീവനക്കാരന്‍ ജിത്തു എന്നിവരും യഥാക്രമം രണ്ടുമുതല്‍ നാലുവരെ പ്രതികളാണ്. നഴ്സസ് അസോസിയേഷനിലെ സാമ്ബത്തിക തിരിമറികള്‍ പുറത്താകുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇക്കഴിഞ്ഞ ജൂലൈ 19ന് ജാസ്മിന്‍ ഷായും മറ്റ് നാല് പ്രതികളും നെടുമ്ബാശേരി വിമാനത്താവളം വഴി ഖത്തറിലേക്ക് കടക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ ‘താന്‍ ഖത്തറിലാണ്, സംഘടനയില്‍ നിന്ന് താത്കാലികമായി അവധിയെടുത്തതാണ്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. താന്‍ ഒളിവിലാണെന്ന വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി ജാസ്മിന്‍ ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ഇതോടെ ക്രൈംബ്രാഞ്ച് സംഘം നെടുമ്ബാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം രാജ്യം വിട്ടതായി കണ്ടെത്തിയത്.
യാത്രാവിവരങ്ങളും മൊബൈല്‍ ഫോണ്‍ വിളികളും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും നിരീക്ഷിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതികളില്‍ ചിലര്‍ വ്യത്യസ്ത പേരുകളില്‍ ജോലി നോക്കുന്നതായാണ് വിവരം. ഇവരെ പിടികൂടാന്‍ എംബസിയുടെ സഹായത്തോടെ ഖത്തര്‍ പൊലീസിന്റെ സഹായം തേടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന് ക്രൈംബ്രാഞ്ച് രേഖകള്‍ കൈമാറി.
അറസ്റ്റ് അനിവാര്യം
യു.എന്‍.എ സാമ്ബത്തിക തട്ടിപ്പ് കേസില്‍ തിരിമറികള്‍ക്ക് തെളിവ് ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പ്രതികളുടെ അറസ്റ്റ് അനിവാര്യമാണെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി രാജേഷ് ‘ഫ്ളാഷി’നോട് പറഞ്ഞു. മൂന്നരക്കോടിയിലേറെ രൂപയുടെ ക്രമക്കേടുള്ളതായാണ് പരാതി. എന്നാല്‍, ബാങ്കിലൂടെ പലരുടെയും അക്കൗണ്ടുകള്‍ വഴി കൈമാറിയ പണം എന്തൊക്കെ ആവശ്യത്തിനായി ചെലവഴിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ട്. പ്രതികളെ പിടികൂടിയാല്‍ മാത്രമേ ഇത് സാദ്ധ്യമാകൂ. വിദേശ കാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ പ്രതികളെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും ഡിവൈ.എസ്.പി പറഞ്ഞു.
പരാതിയില്‍ വഴിതുറന്ന അന്വേഷണം
യു.എന്‍.എയില്‍ അംഗങ്ങളായ നഴ്‌സുമാരില്‍ നിന്ന് പിരിച്ച ലെവി ഉള്‍പ്പടെ മൂന്നരക്കോടിയോളം രൂപ ഭാരവാഹികളില്‍ ചിലര്‍ തട്ടിയെടുത്തെന്നാണ് ആരോപണം. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരം വെടിവച്ചാന്‍കോവില്‍ പരൂര്‍ക്കുഴി മേലേപാണുവില്‍ വീട്ടില്‍ സിബി മുകേഷാണ് ബാങ്ക് രേഖകള്‍ സഹിതം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സംഘടനാ ഭാരവാഹികള്‍ അസോസിയേഷന്റെ പേരിലുള്ള ബാങ്ക് നിക്ഷേപത്തെയും വരവുചെലവ് കണക്കുകളെയും പറ്റി ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് പരാതി. സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരില്‍ ആരെങ്കിലും രണ്ടുപേര്‍ ഒപ്പുവച്ചാല്‍ മാത്രമേ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയൂ. നഴ്സുമാരുടെ അംഗത്വ ഫീസും കേരളത്തിലെ പ്രളയ ദുരന്ത സമയത്ത് പിരിച്ച തുകയും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. തുച്ഛമായ ശമ്ബളം കിട്ടുന്ന നഴ്സുമാരാണ് ഇതുമൂലം വഞ്ചിക്കപ്പെട്ടത്. തൃശൂര്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇതേപ്പറ്റി ആദ്യം ഒരു അന്വേഷണം നടന്നെങ്കിലും തട്ടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
