കാസര്‍കോട്: സിവില്‍ സപ്ലൈസ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരി കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീളയെ(30) കൊന്ന് ചാക്കില്‍ കെട്ടി ചന്ദ്രഗിരി പുഴയില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് ആലക്കോട് സ്വദേശിയും ഓട്ടോഡ്രൈവറുമായ ഷെല്‍വിന്‍ ജോണിനെ (35) വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത് കൊലപാതകത്തിലെ വിദഗ്ധമായ ആസൂത്രണം. ‘ദൃശ്യം’ സിനിമാ കഥയെ വെല്ലുന്ന ആസൂത്രണമാണ് കൊലപാതകം നടത്തുന്നതിലും അത് മൂടിവച്ച് രക്ഷപ്പെടുന്നതിലും ഓട്ടോഡ്രൈവര്‍ കാണിച്ചതെന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവത്തില്‍ കാമുകിയെയും പ്രതിചേര്‍ക്കുമെന്ന് പൊലീസ് സൂചന നല്‍കി.
ഇടുക്കി സ്വദേശിനിയായ കാമുകിയുമായുള്ള വഴിവിട്ട ബന്ധത്തിന് ഭാര്യ തടസമായതാണ് പ്രമീളയെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കാസര്‍കോട് ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ മേല്‍നോട്ടത്തില്‍ വിദ്യാനഗര്‍ സി.ഐ വി.വി മനോജ്, കാസര്‍കോട് സി.ഐ സി.എ അബ്ദു റഹീം, എസ്.ഐ സന്തോഷ്, എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിഞ്ഞത്. പുഴയില്‍ നടത്തിയ തെരച്ചിലില്‍ പ്രമീളയെ കണ്ടെത്താനായില്ലെങ്കിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇടുക്കി സ്വദേശിനിയായ കാമുകി ഇടയ്ക്കിടെ കാസര്‍കോട്ടെത്തി ഷെല്‍വിന്റെ കൂടെ താമസിച്ചിരുന്നുവെന്നാണ് പറയുന്നത്.
സംഭവ ദിവസം രാവിലെ ഒന്നും അറിയാത്ത പോലെ ഓട്ടോറിക്ഷയില്‍ കുട്ടികളെ സ്കൂളില്‍ എത്തിച്ചു മടങ്ങിവന്ന പ്രതി ബഹളം വെച്ച് അയല്‍വാസികളെ വിളിച്ചു കൂട്ടിയാണ് പ്രമീളയെ കാണാതായ വിവരം അറിയിക്കുന്നത്. പോകുമ്ബോള്‍ പ്രമീള എഴുതിവച്ചതെന്നു പറഞ്ഞു ‘എന്നെ അന്വേഷിക്കണ്ട, ഞാന്‍ പോകുന്നു ..’ എന്നുപറയുന്ന ഒരു കത്തും വിവരം അറിഞ്ഞു ക്വാട്ടേഴ്സില്‍ എത്തിയ നാട്ടുകാരെ ഷെല്‍വിന്‍ കാണിക്കുന്നു. പ്രമീളയുടെ കൈപ്പടയില്‍ എഴുതിയതെന്ന് കരുതുന്ന കത്ത് കണ്ടതോടെ തിരോധാനം നാട്ടുകാര്‍ ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഈ കത്തുമായി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി യുവാവ് ഭാര്യയെ കാണാനില്ലെന്ന പരാതി നല്‍കുന്നത്.
പ്രമീളയുടെ ഫോണിലേക്ക് വന്നതും പോയതുമായ ഫോണ്‍ കോളുകളുടെ ലിസ്റ്റ് എടുത്തു പൊലീസ് പരിശോധന നടത്തി. ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയതാണോ എന്നറിയാന്‍ സ്ഥിരമായി വിളിക്കുന്ന കോളുകളുടെ ഉടമകളെ കണ്ടെത്തി അന്വേഷണം നടത്തി. യുവതിയുടെ ഒരു വര്‍ഷത്തെ ഫോണ്‍കോളുകള്‍ നോക്കിയപ്പോള്‍ എല്ലാവരും ലൈവ് ആയി’ നാട്ടില്‍ തന്നെയുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത് ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ തുടങ്ങിയതോടെ പൊലീസിന് സംശയം കുടുങ്ങി. അതിനിടെ യുവാവ് പ്രമീള നേരത്തെ ഉപയോഗിക്കാതെ വെച്ചിരുന്ന ഒരു സിം കാര്‍ഡ് ഇതിനിടയില്‍ ആക്ടിവേറ്റ് ആക്കി ഉപയോഗിച്ചതും കുരുക്കായി. പ്രമീള എവിടെയോ ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിന് ആയിരുന്നു സിം കാര്‍ഡ് ആക്ടിവേറ്റ് ആക്കിയത്.
പ്രമീളയുടേത് അതിവിദഗ്ധമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൊലപാതകമാണെന്ന് സൂചന കിട്ടിയതോടെ നാല് ദിവസം മുമ്ബാണ് ചോദ്യം ചെയ്യുന്നതിന് ഭര്‍ത്താവായ ഓട്ടോഡ്രൈവറെ സി.ഐ മനോജ് കസ്റ്റഡിയില്‍ എടുക്കുന്നത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രി ഉറക്കമൊഴിഞ്ഞുള്ള ചോദ്യം ചെയ്യലായിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയില്‍ കൊണ്ടുപോയ പ്രമീളയുടെ മൃതദേഹം തെക്കില്‍ പാലത്തിന്റെ മുകളില്‍ നിന്ന് പുഴയില്‍ തള്ളിയെന്ന് മൊഴി നല്‍കിയത്. ഒരു ദിവസം മുഴുവന്‍ പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്സിനുള്ളിലും ഒഴിഞ്ഞ പറമ്ബുകളിലും പണിതീരാത്ത വീടുകളിലും പൊലീസ് അരിച്ചുപെറുക്കി. ഇതോടെ പൊലീസ് വീണ്ടും ഷെല്‍വിന്‍ ജോണിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആണ് കരഞ്ഞു നിലവിളിച്ചു അന്വേഷണ ഉദ്യോഗസ്ഥരുടെ കാലില്‍പിടിച്ചു യുവാവ് സത്യം ചെയ്തത്. എന്റെ രണ്ടുമക്കളാണേ സത്യം സാറേ, ഞാന്‍ അവിടെ തന്നെയാണ് കൊണ്ടിട്ടത്.. എന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. പിന്നെ ഒട്ടും സമയം പാഴാക്കിയില്ല. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.
സംഭവത്തിന് ശേഷം കനത്ത മഴ പെയ്തിരുന്നു. മൃതദേഹം ഒഴുക്കില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. സാഹചര്യ തെളിവുകള്‍ പൂര്‍ണ്ണമായും കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണെങ്കിലും മൃതദേഹം കണ്ടെടുക്കുക തന്നെ വേണമെന്നാണ് പൊലീസ് പറയുന്നത്.
വഴിത്തിരിവായത് കാമുകിയുടെ മൊഴി
ഇടുക്കി സ്വദേശിനിയായ കാമുകിയെ തേടിപ്പിടിച്ചു കണ്ടെത്തിയ ശേഷം പൊലീസിന് ലഭിച്ച നിര്‍ണ്ണായക മൊഴികളാണ് പ്രമീളയുടേത് കൊലപാതകമാണെന്ന് വെളിവായത്. യുവതിയെ കാണാതായതിന് ശേഷം ഭര്‍ത്താവ്, പൊലീസിനോട് പറഞ്ഞ വിവരങ്ങളെല്ലാം പൊളിച്ചടുക്കുന്ന കാര്യങ്ങള്‍ കാമുകി പറഞ്ഞതോടെ സി.ഐ വി.വി മനോജ് അന്വേഷണം വഴിതിരിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് കാമുകിയുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള കോള്‍ ലിസ്റ്റ് എടുത്തു പരിശോധിച്ചപ്പോള്‍ യുവതി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിയുകയായിരുന്നു.
പന്നിപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചുണ്ടായ വഴക്കിനിടെ തമ്മിലടിച്ചപ്പോള്‍ അബദ്ധത്തില്‍ മരണം സംഭവിച്ചു എന്നായിരുന്നു പ്രതി ഷെല്‍വിന്‍ ജോണ്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, ഇത് ശരിയല്ലെന്നും കൊലയ്ക്ക് ശേഷം കാമുകിക്ക് മൊബൈലില്‍ സന്ദേശം കൈമാറിയെന്നും പൊലീസ് കണ്ടെത്തി. ‘അവള്‍ പോയി, പിന്നീട് വിളിക്കാം’ എന്ന സന്ദേശമാണ് സംഭവം നടന്ന ദിവസം പുലര്‍ച്ചെ കാമുകിക്ക് മൊബൈലില്‍ അയച്ചുകൊടുത്തത്.
