കോഴിക്കോട്: കൊലപാതക പരമ്ബരയില്‍ അന്വേഷണം നടത്താന്‍ എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നാളെ കൂടത്തായിയിലെത്തും. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരുമൊക്കെയുള്‍പ്പെടുന്ന സംഘമാണ് നാളെ എത്തുക.
വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് ഫോറന്‍സിക് പരിശോധനക്ക് അയയ്ക്കുന്ന കാര്യം തീരുമാനിക്കുക. ഫോറന്‍സിക് വിദഗ്ധരുടെ സംഘവുമായി ഇന്നലെ ഡിജിപി ചര്‍ച്ച നടത്തിയിരുന്നു.
കൂടത്തായി കേസ് തെളിയിക്കുക എന്നത് പൊലീസിന് കടുത്ത വെല്ലുവിളിയാണെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് പറഞ്ഞത്. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാമറ്റം വീട് സന്ദര്‍ശിച്ച ശേഷമാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്.
അതേസമയം, കൂടത്തായി കൊലപാതക പരമ്ബര കേസിനെ ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി ഉള്‍പ്പെടുത്തി. കേരളത്തിലെ പത്ത് എഎസ്പിമാര്ക്കുള്ള പരിശീലനം വടകര റൂറല്‍ എസ്പി ഓഫീസില്‍ ആരംഭിച്ചുകഴിഞ്ഞു. ഉത്തരമേഖലാ റേഞ്ച് ഐജി അശോക് യാദവാണ് ക്ലാസെടുക്കുന്നത്. ട്രെയിനിംഗിന് എത്തിയവര്‍ക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
