ഉപതെരഞ്ഞെടുപ്പ് ഫലവുമായി ഗവര്‍ണര്‍ നിയമനത്തിന് ബന്ധമില്ല; ശ്രീധരന്‍ പിള്ള

കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടതിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചത്. കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞ ശേഷം നിയമനം നടക്കാതെ കിടക്കുകയായിരുന്ന പദവിയിലേക്കു വീണ്ടും കേരളത്തിന്റെ ബിജെപി സംസ്ഥാന അധ്യക്ഷനാണു ഗവര്‍ണറായെത്തുന്നത്.

അതേസമയം, തന്റെ ഗവര്‍ണര്‍ നിയമനം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഒരിക്കലുമല്ല. 4 ദിവസം മുമ്ബു പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ വിളിച്ചു സംസാരിച്ചിരുന്നു. രാവിലെ രാഷ്ട്രപതി ഭവനില്‍നിന്നു പൂര്‍ണമായ വിലാസം ആവശ്യപ്പെട്ടു ഫോണ്‍കോള്‍ വരികയും ചെയ്‌തെന്നും എന്നാല്‍ രാത്രിതന്നെ ഗവര്‍ണറായി നിയമിച്ച്‌ ഉത്തരവ് ഇറങ്ങുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

തെരഞ്ഞെടുപ്പു ഫലവുമായി ഈ മാറ്റത്തിനു ബന്ധമൊന്നുമില്ല. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്ബുതന്നെ തീരുമാനമെടുത്തു കഴിഞ്ഞതാണ്. താന്‍ ഈ രാഷ്ട്രീയത്തിരക്കുകളിലേക്കു വന്നിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളൂവെന്നും ഈ കാലത്ത് എഴുതാനും വായിക്കാനും കാര്യമായ സമയം കിട്ടിയില്ലെന്നും അദ്ദേഹം പരിഭവം പറയുന്നു. ഇനി സര്‍ഗാത്മകമായ എഴുത്തിനു സമയം കിട്ടുമെന്നാണു പ്രതീക്ഷയുണ്ടെന്നും അദ്ദേഹം ഗവര്‍ണറായി നിയുക്തനായതിന് പിന്നാലെ നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

തന്റെ പിന്‍ഗാമിയെ സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും പാര്‍ട്ടിക്കകത്തു പ്രശ്‌നങ്ങളുണ്ടെന്നു മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതാണ്െന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനം ആവശ്യപ്പെട്ടു താനടക്കമുള്ള ആരും നടന്നിട്ടേയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *