റിയാദ്: മക്കയില്‍ നിര്‍മ്മിച്ചെന്നു കരുതപ്പെടുന്ന സ്വര്‍ണനാണയം ലേലത്തില്‍ വിറ്റുപോയത് 33 കോടി രൂപയ്ക്ക്. പതിമൂന്ന് നൂറ്റാണ്ട് പഴക്കമുള്ള സ്വര്‍ണനാണയമാണ് 33,22,43,000 (47 ലക്ഷം ഡോളര്‍ ) രൂപയ്ക്ക് വിറ്റുപോയത്. ലണ്ടനില്‍ ബ്രിട്ടീഷ് ഓക്ഷന് ഹൗസ് മോര്‍ട്ടന്‍ ആന്‍ഡ് ഈഡന് ലേലത്തില്‍ ആണ് നാണയം വിറ്റത്. ഹിജ്റ 105ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഇസ്ലാമിക നാണയമാണ് ഇത്.
22 കാരറ്റ് സ്വര്‍ണത്തിലാണ് നാണയത്തിന്റെ നിര്‍മാണം. നാണയത്തിന് 20 മില്ലിമീറ്റര്‍ വ്യാസവും നാലേകാല്‍ ഗ്രാം തൂക്കവുമുണ്ട്. ലേലത്തില്‍ വില്പന നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ ഇസ്ലാമിക നാണയവുമാണിത്.
ഖുര്‍ആനിക വചനങ്ങള്‍ രേഖപ്പെടുത്തിയ നാണയം മക്കയ്ക്കും മദീനക്കുമിടയില്‍ ബനീ സുലൈം പ്രദേശത്തെ ഒരു ഖനിയില്‍ നിന്നുള്ള സ്വര്‍ണത്തില്‍ നിര്‍മിച്ചതാണെന്നാണ് നിഗമനം. ഓക്ഷന് ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കുള്ള ലേലമാണിത്.
