ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകം കലാകായിക മേളകള്‍ : മന്ത്രി തോമസ് ഐസക്

ആലപ്പുഴ : ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളായ ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകം കലാകായിക മത്സരങ്ങള്‍ നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ക്ഷേമനിധി തൊഴിലാളികള്‍ക്കും മക്കള്‍ക്കുമായി സംഘടിപ്പിച്ച കലാകായിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം കഴിവുകളാണുള്ളത്. അത്തരം കഴിവുകളെ പരിപോഷിപ്പിക്കാന്‍ പ്രത്യേക മേള അടുത്ത വര്‍ഷം മുതല്‍ സംഘടിപ്പിക്കും.
പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് ലോട്ടറി വില്‍പ്പന മേഖലയില്‍ ഉള്ളത്. ഇവര്‍ക്ക് മാന്യമായ വരുമാനം ഇതില്‍ നിന്നും ലഭിക്കുന്നുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ച്‌ ലോട്ടറി തൊഴിലാളികളുടെ ക്ഷേമം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് ലോട്ടറി തൊഴിലാളികളുടെ സഹായത്തിനായി ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നത്. ക്ഷേമനിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഒരുപാടു സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. എസ് സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ പി.ഡബ്ലിയു. സക്കറിയ, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ആര്‍. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് നാലിന് നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *