തിരുവനന്തപുരം: മന്ത്രിസഭ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം ഉത്തരവായി ഇറക്കാന്‍ കര്‍ശന നിര്‍ദേശം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വകുപ്പുകള്‍ക്കും സെക്രട്ടറിമാര്‍ക്കും സര്‍ക്കുലര്‍ നല്കി.പ്രളയത്തില്‍ നാശം നേരിട്ട കര്‍ഷകരുടെ വായ്പക്ക് മൊറേട്ടാറിയം നല്‍കാനുള്ള മന്ത്രിസഭ തീരുമാനത്തില്‍ ഉത്തരവ് വൈകിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുരുങ്ങിയിരുന്നു. ഇതില്‍ ഉദ്യോഗസ്ഥരെ ന്യായീകരിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ മന്ത്രിസഭ തള്ളിയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍.
48 മണിക്കൂറിനകം മന്ത്രിസഭ തീരുമാനത്തില്‍ ഉത്തരവ് ഉണ്ടാകണമെന്ന നാലു മുന്‍ സര്‍ക്കുലറുകളും ചീഫ് സെക്രട്ടറി ഒാര്മിപ്പിച്ചിട്ടുണ്ട്. ഉത്തരവിലെ താമസം അതി ഗൗരവതരമാണ്. സമയബന്ധിതമായി ഉത്തരവ് ഇറക്കാന്‍ ഏകോപനവും മേല്‍നോട്ടവും ഉറപ്പാക്കാനും വീഴ്ച ആവര്‍ത്തിക്കാതിരിക്കാനുമാണ് നടപടി. മന്ത്രിസഭ തീരുമാനം ലഭിച്ച അന്നുതന്നെ വകുപ്പ് സെക്രട്ടറിമാര്‍ നടപ്പാക്കി ഉത്തരവിറക്കണമെന്ന് സെക്രേട്ടറിയറ്റ് ഒാഫിസ് മാന്വലില്‍ പറയുന്നതും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.
നിര്‍ദേശങ്ങള്‍
- 48 മണിക്കൂറിനകം ഉത്തരവ് ഇറങ്ങിയെന്ന് ബന്ധപ്പെട്ട സെക്രട്ടറിമാരോ ലിങ്ക് ഒാഫിസര്മാരോ ഉറപ്പാക്കണം.
- ഉത്തരവ് ഇറക്കുന്ന അന്നുതന്നെ മന്ത്രിസഭ തീരുമാനത്തില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് പൊതുഭരണവകുപ്പിന് നല്‍കണം.
- നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വേണ്ട തീരുമാനങ്ങള്‍ 48 മണിക്കൂറിനകം നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആ തീരുമാനത്തില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് അന്നുതന്നെ പൊതുഭരണവകുപ്പിന് നല്‍കണം.
- വിജ്ഞാപനമോ ഉത്തരവോ പുറപ്പെടുവിച്ചാലുടന്‍ പകര്‍പ്പ് മന്ത്രിസഭ തീരുമാനം ഇനം നമ്ബരവും തീയതിയും രേഖപ്പെടുത്തി പൊതുഭരണവകുപ്പിന് നല്‍കണം.
- മന്ത്രിസഭ തീരുമാനങ്ങളില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ടുകള്‍ പൊതുഭരണവകുപ്പില്‍ ക്രോഡീകരിച്ച് അടുത്ത മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കണം.
- സ്വീകരിച്ച നടപടികളില്‍ സമയ ക്ലിപ്തത കൃത്യമായി പാലിക്കണം. വീഴ്ചവന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.
