ലഖ്നോ: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി ഉത്തര്‍പ്രദേശ്. നിയമം നടപ്പിലാക്കാനായി കണക്കെടുപ്പ് നടത്തി അഭയാര്‍ത്ഥികളെ തിരിച്ചറിയാനുള്ള നടപടികള്‍ക്ക് തുടക്കമായതായി ഉത്തര്‍പ്രദേശ് മന്ത്രി ശ്രീകാന്ത് ശര്‍മ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. വിവരശേഖരണം തുടങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
21 ജില്ലകളില്‍ നിന്നായി ഇതുവരെ 32,000 അഭയാര്‍ത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംസ്ഥാനത്തെ 75 ജില്ലകളിലും അഭയര്‍ത്ഥികളുടെ കണക്ക് എടുക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ അഭയാര്‍ത്ഥികള്‍ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, പാകിസ്താന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നായിരുന്നു ശ്രീകാന്ത് ശര്‍മയുടെ മറപടി.
പിലിഭിത്തിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പീര്, പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി, അലിഗഡ്, രാംപൂര്‍, പ്രതാപ്ഗഡ്, ലഖ്നോ, പിലിഭിത്, ലഖിംപൂര്‍, മീററ്റ്, ആഗ്ര എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ കണക്കെടുപ്പ് നടന്നത്.
2020 ജനുവരി 10 മുതല്‍ പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബംഗ്ലാദേശ്, പാകിസ്താന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശില്‍ മാത്രം 19 പേരാണ് കൊല്ലപ്പെട്ടത്.
