കൊറോണ ; സംസ്ഥാനത്ത് മൂന്നു പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിക്കുന്ന മൂന്ന് പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളതെന്ന് ആരോഗ്യമന്ത്രി. കഴിഞ്ഞ ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചവരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന തുടരുകയാണ്.

ചൈനയിലെ വുഹാനില്‍ നിന്ന് എറണാകുളത്തെത്തിയ ഒരു വിദ്യാര്‍ത്ഥിയെ കൂടി രോഗബാധ സംശയിച്ച്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളവരുടെ എണ്ണം മൂന്നായി.

പെരുമ്ബാവൂര്‍ സ്വദേശിയായ യുവാവിനെ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. മറ്റൊരാള്‍ തിരുവനന്തപുരത്താണ്. ഇവരുടെ ശരീരസ്രവങ്ങളുടെ സാമ്ബിളുകള്‍ പുനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള മലയാളികളെ കേരളത്തിലേക്ക് മാറ്റുന്നത് സുരക്ഷിതമല്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നോര്‍ക്ക വഴി അതാത് സ്ഥലങ്ങളില്‍ തന്നെ ഇതിനുള്ള സൗകര്യമൊരുക്കും. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ മറ്റ് 14 പേരാണ് വീടുകളിലും വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്.

മുന്‍കരുതലിന്റെ ഭാഗമായാണ് പരിശോധനകളെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ചൈനയില്‍ നിന്ന് എത്തുന്ന എല്ലാവരെയും കര്‍ശനമായി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇതിനായി പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *