ആയിരം ബസുകള്‍ കട്ടപ്പുറത്തായിട്ടും ആനവണ്ടിക്ക് 29.54 കോടി വരുമാന വര്‍ധന

യിരത്തിലേറെ ബസ്സുകള്‍ കട്ടപ്പുറത്ത്, കടുത്ത സാമ്ബത്തിക പ്രതിസന്ധി… എന്നിട്ടും ആനവണ്ടിക്ക് വരുമാനനേട്ടത്തിന്റെ തലയെടുപ്പ്. 2018നേക്കാള്‍ 29.54 കോടി രൂപയുടെ വര്‍ധനയാണ് 2019ല്‍ കെ.എസ്.ആര്‍.ടി.സി. കൈവരിച്ചത്. വരുമാനത്തില്‍ 1.31 ശതമാനം വര്‍ധന.

2,286.15 കോടി രൂപയാണ് 2019ലെ വരുമാനം. ശമ്ബളംപോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കെ.എസ്.ആര്‍.ടി.സി. അതിനിടയിലാണ് ഈ വരുമാനനേട്ടമെന്ന പ്രത്യേകതയുമുണ്ട്. 2019-ല്‍ രണ്ടുതവണയാണ് മാസവരുമാനം 200 കോടിരൂപയെന്ന റെക്കോഡ് നേട്ടം കൈവരിക്കാനായത്. മേയ് മാസത്തില്‍ 200.91 കോടി രൂപയും ഡിസംബറില്‍ 213.28 കോടി രൂപയുമാണ് വരുമാനനേട്ടം.

ശബരിമല സീസണും റൂട്ട് പരിഷ്‌കരണവും വരുമാനനേട്ടത്തില്‍ പ്രധാന ഘടകമായെന്നാണ് കരുതുന്നത്. യാത്രാസൗകര്യവും സമയലാഭവും യാത്രക്കാര്‍ ലക്ഷ്യമാക്കുന്നതാണ് മറ്റൊരുകാരണം. സൂപ്പര്‍ഫാസ്റ്റ്, എ.സി., ലോഫ്‌ലോര്‍ ബസ്സുകള്‍ യാത്രയ്ക്കായി ഉപയോഗിക്കുന്നതും വരുമാനംകൂടാന്‍ കാരണമായെന്ന് അധികൃതര്‍ പറയുന്നു. 2020 ജനുവരിയില്‍ അഞ്ചാംതീയതിതന്നെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്ബളവും നല്‍കി.

ലോ ഫ്‌ളോറുള്‍പ്പെടെ 6,300 ബസ്സുകളാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. നഷ്ടത്തിന്റെയും റൂട്ട് പരിഷ്‌കരണത്തിന്റെയും പേരില്‍ ഇവയില്‍ 2,000 ബസ്സുകള്‍ കഴിഞ്ഞവര്‍ഷംമുതല്‍ ഓടിക്കുന്നില്ല. പുതിയ ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി. ഇപ്പോള്‍ വാങ്ങുന്നുമില്ല.

നഷ്ടത്തിലോടുന്നതിനാല്‍ ജീവനക്കാര്‍ക്കുള്ള ശമ്ബളവും ചിലമാസങ്ങളില്‍ കൃത്യമായി വിതരണംചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ജീവനക്കാരുടെ സമരവും ഇതേച്ചൊല്ലി നടന്നിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ശമ്ബളം കൃത്യമായി നല്‍കുമെന്നും പുതിയ ആയിരം ബസ്സുകള്‍ വാങ്ങുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *